പന്തളം: വസ്തു ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അടൂര്‍ താലൂക്കിലെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പന്തളം സ്വദേശി കഴുത്തുംമൂട്ടില്‍ ജയപ്രകാശാണ് പിടിയിലായത്.
ലൊക്കേഷന്‍ സ്കെച്ചിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് വിജിലൻസ് ഡിവൈഎസ്പി സിനി ഡെന്നീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
പറന്തല്‍ പള്ളിക്ക് സമീപമുള്ള സ്ഥലത്തിന്റെ ഫീല്‍ഡ് മെഷര്‍ ബുക്കിനും ലൊക്കേഷന്‍ സ്കെച്ചിനുമായി അപേക്ഷ നല്കിയ ആനയടി സ്വദേശിയില്‍ നിന്നാണ് ജയപ്രകാശ് കൈക്കൂലി വാങ്ങിയത്. എഫ്എം ബുക്കിനായി 1500 രൂപ വാങ്ങിയിരുന്നു. ലൊക്കേഷന്‍ സ്കെച്ചിനു വേണ്ടി വീണ്ടും 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതില്‍ 500 രൂപ വില്ലേജ് ഓഫീസര്‍ക്ക് നല്കാന് വേണ്ടിയാണെന്ന് ഇയാള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു.
പണം നല്‍കാതെ ലൊക്കേഷന്‍ സ്കെച്ച് കിട്ടില്ലെന്ന് വന്നപ്പോഴാണ് സ്ഥലം ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം അടയാളമിട്ടു നൽകിയ പണവുമായി പരാതിക്കാരനെ അയയ്ക്കുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥര്‍ ജയപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു.