മണിമല: കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വെള്ളാവൂർ സ്പെഷൽ വില്ലേജ് ഓഫീസർ അജിത്ത് ആണ് കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം വിജിലൻസിന്റെ പിടിയിലായത്.
സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് 5000 രൂപ വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് പറഞ്ഞ പണവുമായി എത്തിയ സ്ഥലം ഉടമ ഇയാൾക്ക് പണം കൈമാറുന്നതിനിടയിൽ വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് അജിത്ത് അറസ്റ്റിലായത്. വില്ലേജ് ഓഫീസർ ജിജു സ്കറിയ കേസിലെ രണ്ടാം പ്രതിയാണ്.