തിരുവില്വാമല: കൈവശ സർട്ടിഫിക്കറ്റിനു അപേക്ഷയുമായി ചെന്ന യാളോടു 1500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റുചെയ്തു. കണിയാർകോട് വില്ലേജ് ഓഫീസർ വിപിൻകുമാറാണ് പാലക്കാപ്പറന്പിൽ സുബ്രഹ്മണ്യനിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്.
വീട്ടുവളപ്പിലെ തേക്ക് മുറിക്കുന്നതിനായി വനം ഓഫീസിൽ കൊടുക്കാൻ കൈവശ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ സുബ്രഹ്മണ്യനോടു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന സുബ്രഹ്മണ്യൻ വിജിലൻസിൽ പരാതിപ്പെട്ടു.
വിജിലൻസ് ഉദ്യോഗസ്ഥർ ഫിനോഫ്തിലിൻ പുരട്ടിയ രണ്ട് അഞ്ഞൂറ് രൂപ നോട്ടുകളും അഞ്ചു നൂറുരൂപ നോട്ടുകളും വില്ലേജ് ഓഫീസർക്കു നൽകാനായി കൊടുത്തുവിട്ടു. ഇതു വാങ്ങുന്നതിനിടെയാണ് തൃശൂർ വിജിലൻസ് ഡിവൈഎസ്പി മാത്യുരാജ് കള്ളിക്കാടന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടിയത്.
വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ അവർ കൊടുത്തുവിട്ട 1500 രൂപയ്ക്കു പുറമെ 500 രൂപ കൂടി കണ്ടെടുത്തു. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ കെ.കെ. മുഹമ്മദുകുട്ടിക്കെതിരേ തെളിവൊന്നും ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ല. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയാണ് അറസ്റ്റിലായ വിപിൻകുമാർ. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. സിഐമാരായ ജിം പോൾ, സുനിൽദാസ് എന്നിവരടക്കമുള്ള പന്ത്രണ്ടംഗ വിജിലൻസ് സംഘമാണ് പരിശോധനയ്ക്കെത്തിയത്.