കൊച്ചി: സര്‍ക്കാര്‍ സീറ്റിലേക്ക് അഡ്മിഷന് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കോളജ് ജീവനക്കാരനെ വിജിലന്‍സ് പിടികൂടിയത് അതിവിദഗ്ധമായി. ഒരു സംശയവും തോന്നാത്ത വിധത്തില്‍ പദ്ധതി തയാറാക്കിയാണു അധികൃതര്‍ എല്‍ഡി ക്ലാര്‍ക്കിനെ കുടുക്കിയത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരം പരാതിക്കാരന് 5,000 രൂപ പണമായും 1.30 ലക്ഷം രൂപ കാഷ് ചെക്കായുമാണു കൈമാറിയത്. പണം കൈപ്പറ്റി ഏതാനും നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ കൈയോടെ പിടികൂടുകയായിരുന്നു.
മട്ടാഞ്ചേരി കൊച്ചിന് കോളജിലെ എല്‍ഡി ക്ലാര്‍ക്ക് ബിനീഷിനെയാണു 1.35 ലക്ഷം രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവേ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
മകളുടെ ആവശ്യത്തിനായി എത്തിയ കൊച്ചങ്ങാടി സ്വദേശിയില്‍നിന്നുമാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. തന്റെ മകളുടെ ഡിഗ്രി പ്രവേശനത്തിനുവേണ്ടിയാണ് ഈ പിതാവ് കൊച്ചിന് കോളജിലെത്തിയത്.
സെല്‍ഫ് ഫിനാന്‍സിംഗ് സീറ്റില്‍ ഒഴിവുള്ള ബിഎ ഇക്കണോമിക്സ് കോഴ്സിന് അഡ്മിഷന് തേടിയാണ് ഇദേഹം എത്തിയത്. സര്‍ക്കാര്‍ സീറ്റ് ഒഴിവുണ്ടെന്നും 1.35 ലക്ഷം രൂപ കൈക്കൂലിയായി നല്കിയാല് സീറ്റ് തരപ്പെടുത്താമെന്നും ബിനീഷ് വാഗ്ദാനം നല്‍കുകയായിരുന്നു.
ഈ വിവരം രക്ഷിതാവ് വിജിലന്‍സ് മധ്യമേഖല പോലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. തുടര്‍ന്നു സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി സി.എം. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണു കെണി ഒരുക്കിയത്.
ഇന്നലെ വൈകുന്നേരം 3.30ന് കൊച്ചി കെ.ബി. ജോസഫ് റോഡില്‍ സൗത്ത് താമരപ്പറമ്പിലുള്ള ബസ് സ്റ്റോപ്പില്‍വച്ച് പണം ബിനീഷ് കൈപ്പറ്റിയത്. പിന്നീട് വിജിലന്‍സ് സംഘം ബിനീഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത നാല് ലക്ഷം രൂപയും കണ്ടെടുത്തതായാണു വിവരങ്ങള്‍.
ഇന്‍സ്പെക്ടര്‍മാരായ സിബിച്ചന് ജോസഫ്, പ്രദീപ് കുമാര്‍, എസ്ഐമാരായ ഹരീഷ് കുമാര്‍, പ്രതാപ ചന്ദ്രന്, അജയ കുമാര്‍ എന്നിവരും വിജിലന്‍സ് സംഘത്തിലുണ്ടായിരുന്നു.