നാദാപുരം: വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയറായിരിക്കെ വിജിലന്‍സ് കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനെ അതേ പഞ്ചായത്തില്‍ വീണ്ടും ഓവര്‍സിയറായി നിയമിച്ചത് വിവാദമാകുന്നു.പഞ്ചായത്തില്‍ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറായി ആറ് വര്‍ഷക്കാലം ജോലി ചെയ്യുകയും രണ്ട് വിജിലന്‍സ് കേസില്‍ രണ്ടാം പ്രതിയായി നിയമ നടപടികള്‍ നേരിടുകയും ചെയ്യുന്ന പ്രസന്നകുമാറിനെയാണ് വീണ്ടും ഓവര്‍സിയറായി നിയമനം നടത്തിയത്.
കഴിഞ്ഞ നവംബര്‍ 13 നാണ് ചീഫ് എന്‍ജിനീയര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.2014-15 കാലയളവില്‍ പഞ്ചായത്തിലെ കൂളിക്കുന്ന് അംഗന് വാടിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിലും,ചിറ്റാരിയില്‍ വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലും രണ്ടാം പ്രതിയാണ് പ്രസന്നകുമാര്‍.
കോഴിക്കോട് വിജിലന്‍സ് സംഘം മേല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്യുക്ക് വെരിഫിക്കേഷന് നടത്തി ചെയ്യാത്ത പ്രവൃത്തികള്‍ക്കായി ഫണ്ട് കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. ഓവര്‍സിയര്‍ക്കെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്നും നിരവധി പരാതികള്‍ ഇതേ കാലത്ത് ഉയര്‍ന്നിരുന്നു.കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇയാളുടെ പ്രമോഷന് ഉള്‍പ്പെടെയുള്ളവ തടയുകയും വകുപ്പ് തല നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
പഞ്ചായത്തിലെ ചില കരാറുകാരുടെയും മറ്റു ചിലരുടെയും താല്പര്യമാണ് ഈ നിയമനത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.ഉദ്യോഗസ്ഥന്റെ പുനര്‍ നിയമനം വീണ്ടും അഴിമതിക്ക് ഇടയാക്കുമെന്നും ഉത്തരവ് ഉടന്‍ പിന് വലിക്കണമെന്നും കാണിച്ച് പൊതു പ്രവര്ത്തകന് കാളം കുളത്ത് ജാഫര്‍ ചീഫ് എന്‍ജിനീയര്‍ക്ക് പരാതി നല്കി.