കട്ടപ്പന: വരുമാന സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി വാങ്ങവേ തഹസിൽദാർ അറസ്റ്റിൽ. വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാനെയാണ് വിജിലൻസ് പിടികൂടിയത്.
കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു.
എന്നാൽ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 10,000 രൂപ കൈക്കൂലി വേണമെന്ന് ജയേഷ് ചെറിയാൻ ആവശ്യപ്പെട്ടു.
തുക കുറച്ച് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസിൽദാർ വഴങ്ങിയില്ല. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.