ഗാന്ധിനഗർ: കൈക്കൂലികേസിൽ അറസ്റ്റിലായി ചികിത്സയിൽ കഴിയുന്ന വനിതാ ഡോക്ടർ മെഡിക്കൽ കോളജിൽ സുഖചികിത്സയിൽ തുടരുന്നത് ജയിൽവാസം ഒഴിവാക്കാനെന്നും ഇതിന് സഹപ്രവർത്തകരുടെ വഴിവിട്ട സഹായം ലഭിക്കുന്നുവെന്നുമുള്ള ആക്ഷേപം ഉയരുന്നു.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് കൂത്താട്ടുകുളം പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായാരാജാ (38) ണു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 22ന് രാത്രി ഡോക്ടറുടെ കൂത്താട്ടുകുളത്തുള്ള വീട്ടിൽ രോഗിയുടെ ബന്ധുവിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു.
വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്തതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിടാനാകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ റിമാൻഡിൽ കഴിയാതിരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതെന്ന ആരോപണം ശക്തമാണ്.
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ജയിലിൽ വിടാതിരിക്കുവാൻ സഹപ്രവർത്തകരായ ഡോക്ടർമാരുടെ വഴിവിട്ട സഹായം ഇവർക്കു ലഭിക്കുന്നതായും ആക്ഷേപം ഉയരുന്നു.
കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായി അറസ്റ്റു ചെയ്യുന്നവരെ സാധാരണ വൈദ്യ പരിശോധനയ്ക്കു ശേഷം റിമാൻഡ് ചെയ്യുകയാണ് രീതി.