ഗാന്ധിനഗർ: ശസ്ത്രക്രിയ ഉപകരണങ്ങൾ കൂടിയ വിലയ്ക്ക് നൽകിയ സംഭവത്തിൽ പരാതിയുണ്ടായതിനെ തുടർന്ന് കൂടുതലായി വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഏജന്റ് പരാതിക്കാരിയുടെ വീട്ടിലെത്തി.
എന്നാൽ താൻ ഭർത്താവുമായി കുമരകം ആശുപത്രിയിൽ തുടർ ചികിത്സയിലാണെന്നും, വീട്ടിൽ മകനെ പണം ഏല്പിച്ചാൽ മതിയെന്നും വീട്ടമ്മ. പണം തിരികെത്തരുന്പോൾ വീട്ടമ്മ പണം കൈപ്പറ്റിയതായി രസീത് തരണമെന്ന് ഏജന്റ്.
അതിന് തയാറല്ലെന്ന് വീട്ടമ്മ. എന്നാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ തന്നപ്പോൾ ഏജന്റ് കൈപ്പറ്റിയ 12,000 രൂപയുടെ രസീത് വീട്ടമ്മ തിരികെ ഏല്പിക്കണമെന്നായി ഏജന്റ്. തർക്കത്തിനൊടുവിൽ പിന്നെക്കാണാമെന്ന് പറഞ്ഞ് ഏജന്റ് മടങ്ങി.
കോട്ടയം മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കു ശേഷം കുമരകം സർക്കാർ ആശുപത്രിയിൽ കഴിയുന്ന കുമരകം സ്വദേശിയായ ബാബുവിന്റെ ശസ്ത്രക്രിയയ്ക്ക് കൂടിയ വിലയ്ക്ക് ഉപകരണം നൽകിയ ഏജന്റാണ് ഇന്നലെ രാത്രി ബാബുവിന്റെ വീട്ടിലെത്തി കൂടുതലായി വാങ്ങിയ പണം തിരികെ കൊടുക്കുവാൻ ശ്രമിച്ചത്.
കഴിഞ്ഞ ആഴ്ചയിൽ വീടിന്റെ മുകളിൽ കയറി ഷീറ്റ് ഇടുന്നതിനിടയിൽ താഴെ വീണു കൈയ്ക്കു പരിക്കു പറ്റിയിരുന്നു. തുടർന്ന് മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാബുവിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നതിനായി ബാബുവിന്റെ ഭാര്യ ആശയെ ഒരു യുവ ഡോക്്ടർ ഏജന്റിനെ പരിചയപ്പെടുത്തിക്കൊടുത്തു. ഇയാൾ മുഖാന്തിരം 12,000 രൂപാ മുടക്കി ഉപകരണം വാങ്ങി.
ശസ്ത്രക്രിയ ദിവസം അനുബന്ധ സാമഗ്രികൾ വാങ്ങുന്നതിനായി സർജിക്കൽ കടയിൽ എത്തിയപ്പോഴാണ് തലേ ദിവസം ശസ്ത്രക്രിയ ഉപകരണത്തിനായി കൊടുത്ത തുക കൂടുതലാണെന്നു അറിയുന്നത്.
താൻ കബളിക്കപ്പെട്ടുവെന്ന് മനസിലായ ആശ ആശുപത്രി അധികൃതർക്ക് പരാതി നൽകുകയും അന്വേഷണം നടത്തുകയും ചെയ്തു.
മൂന്നംഗ അന്വേഷണ സമിതിയുടെ അന്വേഷണത്തിൽ ഡോക്്ടർമാർ ഇടനില നിന്നു കൂടിയ വിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ രോഗികൾക്ക് ഏജന്റ് മുഖേന നൽകുന്നുണ്ടെന്ന് ബോധ്യപ്പെട്ടു.
കൂടാതെ ആരോപണ വിധേയരായ യുവ ഡോക്്ടർമാർ കുറ്റം സമ്മതിച്ചതായും സൂചനയുണ്ട്. ഇന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, അസ്ഥിരോഗ വിഭാഗം മേധാവി ഡോ. എം. സി. ടോമിച്ചൻ എന്നിവർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറും.