പാലക്കാട്: മൂന്നുദിവസത്തെ വിജിലന്‍സ് കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ പാലക്കയം കൈക്കൂലിക്കേസ് പ്രതി വി. സുരേഷ് കുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു.
തൃശൂര്‍ വിജിലന്‍സ് കോടതി കേസ് ജൂണ്‍ ഏഴിന് പരിഗണിക്കും. സംഭവത്തിൽ റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചേക്കും.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരേഷ്കുമാറിനെ മൂന്ന് ദിവസത്തേക്കായിരുന്നു വിജിലന്‍സ് കസ്റ്റഡി അനുവദിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
പണം വാങ്ങിയെന്ന മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ സംബന്ധിച്ച രേഖകളാണു വില്ലേജ് ഓഫീസില്‍നിന്നു ശേഖരിച്ചത്. കൈക്കൂലിയിനത്തില് പ്രതിദിനം 40,000 രൂപ വരെ ഇയാള്‍ക്ക് കിട്ടിയിരുന്നതിന്റെ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന.
രേഖകളുടെ പരിശോധന അടുത്ത ദിവസം പൂര്‍ത്തിയാക്കും.കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലന്‍സ് പിടികൂടിയത്.
തുടര്‍ അന്വേഷണത്തില്‍ ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്തി. 35 ലക്ഷം രൂപയും, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, 25 ലക്ഷം രൂപയുടെ സേവിംഗ്സും ഉണ്ടെന്നാണ് കണ്ടെത്തല്‍. 9000 രൂപ വരുന്ന 17 കിലോ നാണയങ്ങളും ഇയാളുടെ പക്കല്‍നിന്നു പിടിച്ചെടുത്തിരുന്നു.