കാസര്‍ഗോഡ്: ഡ്രൈവിംഗ് ലൈസന്‍സിനും വാഹനങ്ങളുടെ രജിസ്ട്രേഷനും കൈക്കൂലി വാങ്ങിയ കാസര്‍ഗോഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.അനില്‍കുമാറിനെ സര്‍വീസില്‍നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ആണ് ഉത്തരവിറക്കിയത്.
2021 ജനുവരി ഒന്നിന് കാസര്‍ഗോഡ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അനില്‍കുമാര്‍ അടയ്ക്കമുള്ള ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി പല തരത്തില്‍ ഏജന്റുമാരേയും ഡ്രൈവിംഗ് സ്കൂള്‍ അധികൃതരേയും സ്വാധീനിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതായി വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി.
ആര്‍ടി ഓഫീസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന സുരേഷ് അനധികൃതമായി പിരിച്ചെടുത്ത തുക അനില്‍കുമാറിന് കൈമാറുന്നതും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വീതംവച്ച് നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടു.
എംവിഐമാരായ പി.ആര്. മനു, സുധാകരന്, സുജിത് ജോര്‍ജ്, മനോജ് കുമാര്‍ എന്നിവര്‍ അനധി കൃത സാമ്പത്തികനേട്ടത്തിനായി സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ കൈമാറിയതായും വിജിലന്‍സ് കണ്ടെത്തി.
കൂടാതെ 2019 ലെ ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് യഥാസമയം നല്‍കാതെ കെട്ടിവെച്ചിരി ക്കുന്നതായും കാണപ്പെട്ടു.
ഇതില്‍ എംവിഐ ചുമതല വഹിച്ചിരുന്ന ശങ്കരപിള്ള, അബ്ദുള്‍ നവാസ്, റെജി കുര്യാക്കോസ്, ദിനേശ് കുമാര്‍ എന്നിവരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെയാണ് ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയതിന് കാഞ്ഞങ്ങാട് എംവിഐ കെ.ആര്. പ്രസാദിനെ സസ്പെന്‍ഡ് ചെയ്തത്.