പാലക്കാട്: അതിർത്തി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്ക് വൻതുക കൈക്കൂലി നല്കി അയൽസംസ്ഥാനങ്ങളായ ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നും കോടിക്കണക്കിന് രൂപയുടെ കഞ്ചാവ്, ലഹരി ഉത്പന്നങ്ങൾ ദിവസംതോറും ലോറികളിൽ കേരളത്തിലേക്ക് എത്തിക്കുന്നതായി കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട്-ജേക്കബ് ജില്ലാകമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞദിവസം ആന്ധ്രയിൽനിന്നും വ്യാപാരി ലോറിയിൽ കേരളത്തിലേക്ക് കൊണ്ടുവന്ന മൂന്നുകോടിയുടെ കഞ്ചാവ് അതിർത്തി ചെക്ക് പോസ്റ്റ് കടന്ന് പാലക്കാട് എത്തിയപ്പോൾ എക്സൈസ് അധികൃതർ പിടികൂടിയിരുന്നു.
അതിർത്തി ചെക്ക് പോസ്റ്റുകളിലെ അധികൃതർ നടത്തുന്ന ഇത്തരം അഴിമതിയെപ്പറ്റി അന്വേഷിക്കാനോ ഇവരെ പിടികൂടാനോ സർക്കാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു.
ഓരോദിവസവും രാപകൽവ്യത്യാസമില്ലാതെ കഞ്ചാവ് ലഹരി ഉത്പന്നങ്ങളുമായി നിരവധി ലോറികളാണ് അതിർത്തി ചെക്ക് പോസ്റ്റ് കടന്നുവരുന്നതെന്ന് യോഗം ആരോപിച്ചു.
കേരളത്തിലെ ക്രമസമാധാനം തകർക്കുന്ന എല്ലാ മേഖലകളിലേക്കും കഞ്ചാവ് ലഹരി ഉത്പന്നങ്ങളും എത്തിക്കുന്നുണ്ടെന്നും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് ലഹരി ഉത്പന്നങ്ങൾ നല്‍കുന്നുണ്ടെന്നും വിദ്യാർത്ഥികൾ ലഹരി ഉത്പന്നങ്ങളുടെ വിതരണക്കാരായി മാറുന്നു വെന്നും യോഗം ആരോപിച്ചു.
കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾ, കുടുംബകലഹങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, പീഡനങ്ങൾ, കുട്ടികളുടെ ആത്മഹത്യ, പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആത്മഹത്യ, കുടുംബ കലഹത്തിൽ മനംനൊന്ത് അമ്മയും കുട്ടികളും ആത്മഹത്യ ചെയ്ത സംഭവങ്ങളും വർധിക്കുന്നതായി യോഗം ആരോപിച്ചു.
ലഹരിമാഫിയയെ പിടികൂടാനും നിയന്ത്രിക്കാനും സർക്കാരും ബന്ധപ്പെട്ട മേലധികാരികളും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട്-ജേക്കബ് ജില്ലാ വൈസ് പ്രസിഡന്റ് ഷിന്റോ വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജോയ് മാടശേരി, ജോഷി ഏബ്രഹാം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഐസക് ജോണ്‍, സന്തോഷ് മാത്യു. നിയോജകമണ്ഡലം പ്രസിഡന്റുമാരായ ഷിന്റോ ജോർജ്, നിവിൾ റോയ്, അഭിലാഷ് കേശവൻ, പി.ടി.റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.