എസ്.ആർ.സുധീർ കുമാർ
കൊല്ലം: കേരള-തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ വാഹന ഡ്രൈവർമാരിൽനിന്ന് പടി (കൈക്കൂലി) നിരക്ക് വർധിപ്പിച്ചതായി റിപ്പോർട്ട്. ഈ മാസം ഒന്നു മുതൽ വൻ കൊള്ളയാണ് ഈ ചെക്ക് പോസ്റ്റിൽ നടക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. വിജിലൻസ് പരിശോധന പോലും ഇവിടെ നടക്കാറില്ല.
പുളിയറ ചെക്ക് പോസ്റ്റിലെ പുതുതായി നിലവിൽ വന്ന കൈക്കൂലി നിരക്ക് ഇങ്ങനെ: തടി ലോറി -300 രൂപ. കോഴി ലോറി -200, പച്ചക്കറി ലോറി -200, സിമന്റ് ലോറി -700 മുതൽ ആയിരം വരെ.
സമീപത്തെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എല്ലാത്തരം ലോറികൾക്കും പടിയുടെ നിരക്ക് കുറവാണ്. കഴിഞ്ഞ ആഴ്ച ഇവിടെ രഹസ്യമായി റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർക്കും ഇക്കാര്യം ബോധ്യപ്പെട്ടു. ആര്യങ്കാവിൽ ഏറ്റവും കൂടുതൽ പണപ്പിരിവ് മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റിലാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
പ്രാദേശിക ഏജന്റുമാരെയാണ് ഈ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ പണപ്പിരിവിനായി ഉപയോഗിക്കുന്നത്. ഏജന്റുമാരിൽ പലരും ഗുണ്ടായിസവും കാണിക്കുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ ഔദ്യോഗിക വാഹനത്തിൽ വരുമ്പോൾ അവരുടെ ഡ്രൈവർമാരെ ഉപയോഗിച്ചും പണപ്പിരിവ് നടത്തുന്നതായും വിജിലൻസിന് ബോധ്യമായി.
പണപ്പിരിവിനോട് താത്പര്യമില്ലാത്ത ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പുകച്ച് പുറത്ത് ചാടിച്ച സംഭവം വരെ നടന്നതായി വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ ദിവസവും രണ്ട് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കുള്ളത്. കൃത്യമായി പടി ലഭിച്ചില്ലങ്കിൽ ഇവർ പരിശോധനയ്ക്ക് ഇറങ്ങും. ഒരു വാഹനം പരിശോധിക്കാൻ കുറഞ്ഞത് പത്ത് മിനിറ്റ് എടുക്കും.
അങ്ങനെ വരുമ്പോൾ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ട് ഗതാഗത കുരുക്ക് ഉണ്ടാകും. ഇത് ഒഴിവാക്കാൻ വാഹന ഡ്രൈവർമാർ കൈക്കൂലി കൊടുത്ത് വേഗം യാത്ര തുടരുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ കാമറ സ്ഥാപിക്കണമെന്ന വിജിലൻസിന്റെ നിരന്തര നിർദേശവും അട്ടിമറിക്കപ്പെട്ടു. ഇതിൽ ഉദ്യോഗസ്ഥരുടെ ഉന്നത ഇടപെടൽ നടക്കുന്നതായും വിജിലൻസ് സംശയിക്കുന്നു.
ആര്യങ്കാവിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ മാത്രമാണ് കാമറയുള്ളത്. ഇവിടെ പരിശോധനയ്ക്ക് പടിയായി വാങ്ങുന്നത് 50 രൂപ മാത്രമാണെന്നും റെയ്ഡ് സമയത്ത് വിജിലൻസ് ഉദ്യോഗസ്ഥർ മനസിലാക്കി.
ആര്യങ്കാവിൽ വനം വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ചെക്ക് പോസ്റ്റുകൾ ഉണ്ട്. ഇവിടെയും പണപ്പിരിവ് ഉണ്ടെങ്കിലും കഴുത്തറുപ്പൻ കൈക്കൂലി ഇല്ലെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.
കഴിഞ്ഞ ആഴ്ച വിജിലൻസ് പത്ത് മിനിറ്റ് കൊണ്ട് മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലെ ഏജന്റു മാരിൽ നിന്ന് പിടികൂടിയത് 25,000 രൂപയാണ്. അങ്ങനെ വരുമ്പോൾ ഇവരുടെ പ്രതിദിന ‘ വരുമാനം’ കണക്ക് കൂട്ടലുകൾക്കും അപ്പുറമാണ് എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.