കളമശേരി: പണം വാങ്ങാറുണ്ടെന്ന് കൗൺസിൽ യോഗത്തിനിടെ പരസ്യമായി സമ്മതിച്ച കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഇന്നു മുതൽ രണ്ടു ദിവസം നിർബന്ധിത അവധിയിൽ. ദിവസേന നടത്തുന്ന പരിശോധനയ്ക്കിടെ വ്യാപകമായി വ്യാപാരികളിൽ നിന്നും മറ്റും നഗര സഭയുടെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുന്നതായി സമ്മതിച്ചതിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ശനിയാഴ്ച നടന്ന കൗൺസിൽ യോഗത്തിനിടെയാണ് ഭരണകക്ഷി കൗൺസിലറായ മാർട്ടിൻ തായങ്കരിയുടെ ആരോപണങ്ങൾ ശരിവച്ച് ഹെൽത്ത് ഇൻസ്പെക്ടർ പി. പൗലോസ് കുറ്റസമ്മതം നടത്തിയത്. ഇടപ്പള്ളി കനാലിലേക്ക് കരി ഓയിൽ തുടർച്ചയായി ഒഴിക്കുന്ന സ്ഥാപനം, ഇടപ്പള്ളി ടോളിലെ ഏതാനും വ്യാപാരികൾ എന്നിവരിൽ നിന്ന് 10000 രൂപവീതം വാങ്ങിയതായാണ് മാർട്ടിൻ തായങ്കരിയുടെ ആരോപണം. സ്ഥാപനങ്ങളുടെ പട്ടികയുമായാണ് മാർട്ടിൻ കൗൺസിലിൽ എത്തിയത്.
യോഗത്തിൽ ഹാജരായ ഹെൽത്ത് ഇൻസ്പെക്ടർ പൗലോസ് താൻ പണം വാങ്ങാറുണ്ടെന്നും അത് ആരോഗ്യ സ്റ്റാന്റിംഗ് ചെയര്പേഴ്സൺ പറഞ്ഞിട്ടാണ് ചെയ്യുന്നതെന്നും മറുപടി നൽകി. ഇതോടെ ഭരണപക്ഷം വെട്ടിലാവുകയും പ്രതിപക്ഷം വിഷയം ഏറ്റെടുക്കുകയായിരുന്നു. ഓണക്കോടി നൽകാനാണ് പണം പിരിച്ചതെന്നു വൈസ് ചെയർമാൻ ടി എസ് അബൂബക്കർ ചർച്ചയ്ക്കിടെ ന്യായീകരിച്ചതും ഭരണകക്ഷിയെ പ്രതിരോധത്തിലാക്കി.
ഉദ്യോഗസ്ഥനെതിരേ നടപടി വേണമെന്നാവശ്യം ആരോഗ്യ സ്റ്റാൻഡിംഗ് ചെയര്പേഴ്സൺ സുൽഫത്ത് ഇസ്മായിൽ ആദ്യം അംഗീകരിച്ചില്ല.കൗൺസിൽ കഴിഞ്ഞപ്പോൾ കാബിനിലെത്തിയ സുൽഫത്ത് ഇസ്മായിനെ 11 പ്രതിപക്ഷാംഗങ്ങൾ നാലര മണിക്കൂർ ഉപരോധിച്ചപ്പോഴാണ് നിർബന്ധിതാവധി തീരുമാനിച്ചത്. ഉദ്യോഗസ്ഥർ അഴിമതിക്ക് കൂട്ടുനിന്നാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് കളമശേരി നഗരസഭ ചെയർപേഴ്സൺ ജെസി പീറ്റർ പറഞ്ഞു.
അതേസമയം ആരോഗ്യ വിഭാഗം കളമശേരി നിവാസികളുടെ ജീവൻ പന്താടുകയാണെന്ന് ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. പ്രധാന വ്യാപാര കേന്ദ്രങ്ങളായ മാർക്കറ്റ്, സൗത്ത് കളമശേരി, ടോൾ എന്നിവിടങ്ങളിൽ പരിശോധന പേരിനു മാത്രമാണെന്നും പകരം പണം വാങ്ങുന്നെന്നുമാണ് ആരോപണം. ഇടപ്പള്ളി കനാലിലേക്ക് തുടർച്ചയായി കരിഓയിൽ ഒഴിക്കുന്ന സ്ഥാപനത്തിന് 2000 രൂപ മാത്രം പിഴ ഈടാക്കിയത് ഇതിനു സൂചനയാണെന്നും കൗൺസിലർമാർ ആരോപിച്ചു.