ഗാന്ധിനഗര്‍: അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ നമ്പൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെങ്കിലും ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വിജിലന്‍സ് സംഘം ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് പിടികൂടുകയും ഡോക്ടര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവധിയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു.
ഇന്നലെ സസ്പെന്ഷന് ഓര്‍ഡര്‍ പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലായിരുന്നു. 12 കോടി രൂപ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2013 മുതല്‍ 2018 വരെ ഇദ്ദേഹം അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തില്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശിപാര്‍ശ.
ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 2022 നവംബറിലാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ യൂറോളജി വിഭാഗം മേധാവിയായി ചുമതലയേൽക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില ഒരു രോഗിക്ക് യഥാസമയം വൃക്ക മാറ്റി വയ്ക്കാതിരുന്നതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ടെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുകയും ഡോക്ടർ കുറ്റക്കാരനെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചുമതലയേറ്റ ശേഷവും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നുവെന്ന് രോഗികള്‍ പറയുന്നു.