തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപ കണ്ടെടുത്തു.
രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണു കണ്ടെടുത്തത്. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന് ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്.
അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണു പണം വാങ്ങിയത്.അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയുടെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു ശസ്ത്രക്രിയ ആവശ്യമായിരുന്നു.
എന്നാല്‍, ഡോക്ടര്‍ യുവതിയോടു പല റിപ്പോര്‍ട്ടുകൾ കൊണ്ടുവരാനാവശ്യപ്പെടുകയും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു.
പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി. ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു.
ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ ഡോക്ടറില്‍നിന്ന് കൈക്കൂലിപ്പണം കണ്ടെത്തുകയും ഷെറിന് ഐസക്കിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഡിവൈഎസ്പി സി.ജി. ജിം പോൾ, ഇൻസ്പെക്ടർ പ്രദീപ്കുമാർ, ജിഎസ്ഐമാരായ പീറ്റർ, ജയകുമാർ, എസ്ഐമാരായ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.