കോഴിക്കോട്: റിസോര്‍ട്ട് കേന്ദ്രീകരിച്ചുള്ള അനാശാസ്യം പോലീസ് കൈക്കൂലിവാങ്ങി ഒതുക്കുന്നതായി ആരോപണം. കോഴിക്കോട് മലയോരമേഖലയിലെ ഒരു റിസോര്‍ട്ടിലാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ ബ്ലാക്ക്മെയിലിംഗ് നടത്തിയെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും റിസോര്‍ട്ട് കേന്ദ്രീകരിച്ചു നടന്ന അനാശാസ്യവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഉയരുന്ന ആരോപണം.
സംഭവത്തിലെ പ്രധാനിയായ എറണാകുളം സ്വദേശിയായ യുവതിയെ പിടികൂടാന്‍ പോലും പോലീസ് ഇതുവരേയും തയാറായിട്ടില്ല. അനാശാസ്യത്തിനായി യുവതിയെ റിസോര്‍ട്ടിലെത്തിച്ച ഉടമയ്ക്കെതിരേയും പോലീസ് കേസെടുത്തിട്ടില്ലെന്നാണ് ആരോപണം. അതേസമയം കേസൊതുക്കാനുള്ള പോലീസിന്റെ ഇടപെടലിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചമുമ്പാണ് കേസിനാസ്പദമായ സംഭവം. തിരുവമ്പാടി പോലീസ് പരിധിയിലെ റിസോര്‍ട്ടിന്റെ ഉടമയും സുഹൃത്തുക്കളായ രണ്ടുപേരുമാണ് എറണാകുളം സ്വദേശിയായ യുവതിയെ അനാശാസ്യത്തിനായി റിസോര്‍ട്ടില്‍ എത്തിച്ചത്. റിസോര്‍ട്ടിലെത്തിയവര്‍ മദ്യപിച്ചിരുന്നു. പിന്നീട് ഉടമയെ കൂടുതല്‍ മദ്യം നല്കി അബോധാവസ്ഥയിലാക്കി. ഇതിനുശേഷം യുവതിയേയും റിസോര്‍ട്ട് ഉടമയേയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളിലായി ഉടമയ്ക്കൊപ്പം റിസോര്‍ട്ടിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവതിയെ ഒപ്പം ചേര്‍ത്ത് നിര്‍ത്തിയെടുത്ത ഫോട്ടോ കാണിച്ച് പണം ആവശ്യപ്പെടുകയായിരുന്നു. ഇതു കൂടാതെ യുവതിയും പണം ആവശ്യപ്പെട്ടു. പണം നല്കിയിട്ടില്ലെങ്കില് ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉടമയും സുഹൃത്തുക്കളുമായി പണമിടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ബ്ലാക്ക് മെയില്‍ പദ്ധതി നടപ്പാക്കിയതെന്നുമാണ് വിവരം. അതേസമയം റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവര്‍ത്തനം നടത്തിയെന്നറിഞ്ഞിട്ടും റിസോര്‍ട്ട് ഉടമക്കെതിരേ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
ഉടമ താമരശേരിയിലെ ഉന്നത ഉദ്യോഗസ്ഥനെ പണം നല്കി സ്വാധീനിച്ചാണ് കേസൊതുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ആരോപണമുയരുന്നത്. ഇതിനായി ഒരു അഭിഭാഷകന്റെ സഹായവും ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്‍സും ശേഖരിക്കുന്നുണ്ട്.
കൈക്കൂലി വാങ്ങിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് നല്കുമെന്നാണറിയുന്നത്. അതേസമയം പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്ന് റൂറല്‍ എസ്പി ജെ.ജയദേവ് പറഞ്ഞു. കൂടുതൽ നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.