തിരുവനന്തപുരം: മണൽകടത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ എസ്ഐക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവ്. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐ. നിയാസിനെതിരെയാണ് വിജിലൻസ് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്.
ക്ഷേത്രത്തിലെ ഉത്സവ ആവശ്യത്തിന് മണൽ വിരിക്കുന്നതിന് 25,000 രൂപ ക്ഷേത്ര ഭാരവാഹികളിൽ നിന്ന് എസ്ഐ നിയാസ് കൈക്കൂലി വാങ്ങിയെന്ന് കാട്ടി ക്ഷേത്ര ഭാരവാഹികൾ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം സ്പെഷൽ സെൽ എസ്പി അജിത്തിനെയാണ് അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ ചുമതലപ്പെടുത്തിയിരിക്കുന്നത്. മണൽ കടത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടർന്ന് എസ്ഐ നിയാസിനെ തിരുവനന്തപുരം റൂറൽ എസ്പി അശോകൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചെന്ന പരാതികൾ ഉൾപ്പെടെ നിരവധി സ്വകാര്യ ഹർജികളും എസ്ഐ നിയാസിനെതിരെ നിലവിലുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാങ്ങോട് പോലീസ് സ്റ്റേഷനിൽ എസ്ഐ ആയിരിക്കെ നിരവധി ആരോപണങ്ങൾ നിയാസിനെതിരേ ഉയരുകയും അവിടെ നിന്നും സ്ഥലംമാറ്റുകയും ചെയ്തിരുന്നു. ം