തിരുവനന്തപുരം: ഓപ്പറേഷൻ ‘ജാസൂസ്’ എന്ന പേരിൽ സംസ്ഥാനത്തെ റീജണൽ ട്രാൻസ്പോർട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ.
ഗൂഗിൾ പേ വഴി ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായി പരിശോധനയിൽ കണ്ടെത്തി. കോട്ടയം ആർടി ഓഫീസിൽ നടന്ന മിന്നൽ പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപയും അടിമാലി ആർടി ഓഫീസിലെ ഉദ്യോഗസ്ഥന് 97,000 രൂപയും ചങ്ങനാശേരി ആർടി ഓഫീസിലെ ഉദ്യോഗസ്ഥന് 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫീസിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ പേ അക്കൗണ്ടിലേയ്ക്ക് 15,790 രൂപ നൽകിയിട്ടുള്ളതായും വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി.
നെടുമങ്ങാട് ഒരു ആട്ടോ കണ്‍സൾട്ടൻസി ഓഫീസിൽനിന്ന് 1,50,000 രൂപയും, കൊണ്ടോട്ടി ആർടി ഓഫീസിൽ കാണപ്പെട്ട ഏജന്റിന്റെ കാറിൽനിന്ന് 1,06,205 രൂപയും, ആലപ്പുഴ ആർടി ഓഫീസിനുള്ളിൽ കാണപ്പെട്ട രണ്ട് ഏജന്റുമാരിൽനിന്നായി 72,412 രൂപയും, വെള്ളരിക്കുണ്ട് ജോയിന്റ് ആർടി ഒഫീസിൽ കാണപ്പെട്ട രണ്ട് ഏജന്റുമാരിൽനിന്നായി 38,810 രൂപയും
കോട്ടയം ആർടി ഓഫീസിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരുടെ പക്കൽനിന്ന് രേഖകളില്ലാത്ത 36,050 രൂപയും, ചടയമംഗലം ആർടി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽനിന്നായി 32,400 രൂപയും
കൊട്ടാരക്കര ആർടി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽനിന്ന് 34,300 രൂപയും, പാലക്കാട് ആർടി ഓഫീസിലെ രണ്ട് ഏജന്റുമാരുടെ കൈവശത്തുനിന്ന് 26,900 രൂപയും, റാന്നി ആർടി ഓഫീസിൽ കാണപ്പെട്ട ഏജന്റിൽനിന്ന് 15,500 രൂപയും
പത്തനംതിട്ട ആർടി ഓഫീസിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽനിന്ന് 14,000 രൂപയും പുനലൂർ ജെആർടി ഓഫീസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽനിന്ന് 8,100 രൂപയും കരുനാഗപ്പള്ളി ആർടി ഓഫീസിലെ ഏജന്റിൽനിന്ന് 7,930 രൂപയും കാക്കനാട്ടെ ആർടി ഓഫീസ് ഏജന്റിൽനിന്ന് 8,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
വടകര ആർടി ഓഫീസിലെ ടൈപ്പിസ്റ്റിന്റെ ബാഗിൽനിന്നും വിവിധാവശ്യങ്ങൾക്കുള്ള നിരവധി അപേക്ഷകളും ആർസി ബുക്കുകളും സ്റ്റിക്കറുകളും, നെടുമങ്ങാട് പ്രവർത്തിക്കുന്ന ഒരു ആട്ടോ കണ്‍സൾട്ടൻസിയിൽനിന്ന് 84 ആർസി ബുക്കുകളും നാല് ലൈസൻസുകളും അനധികൃതമായി സൂക്ഷിച്ചിട്ടുള്ളതായും, കരുനാഗപ്പള്ളിയിലെ ഒരു ഏജന്റിന്റെ ഓഫീസിൽനിന്ന് നിരവധി പുതിയ ആർസി ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധ രേഖകളും കണ്ടെത്തി.
കഴക്കൂട്ടം എസ്ആർടിഒ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽ ആർസി ബുക്കുകൾ, ലൈസൻസുകൾ വാഹന സംബന്ധമായ മറ്റ് രേഖകൾ എന്നിവയും കണ്ടെത്തി.
മൂവാറ്റുപുഴ ആർടി ഓഫീസിലെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ പക്കൽനിന്ന് ഒന്‍പതോളം എടിഎം കാർഡുകൾ കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം ഉദ്യോഗസ്ഥന്റെ പേരിലുള്ളതല്ലെന്ന് പരിശോധനയിൽ മനസിലായിട്ടുണ്ട്.
വിവിധ ആർടി ഓഫീസുകളിൽനിന്നും ഏജന്റുമാരെ തിരിച്ചറിയുന്നതിലേയ്ക്കായി പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തിയ നിരവധി അപേക്ഷകൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
പല ഏജന്റുമാരും ആവശ്യങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസിനേക്കാൾ വളരെ കൂടുതൽ തുക അപേക്ഷകരിൽനിന്നും ഈടാക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.
മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ‘പരിവാഹൻ’ എന്ന സോഫ്റ്റ്വേർ മുഖേനയാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്.
എന്നാൽ ഇപ്രകാരം ഓണ്‍ലെൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ഫിസിക്കൽ കോപ്പിയും സമർപ്പിക്കേണ്ടതായിട്ടുണ്ട്.
ഈ അവസരത്തിലും നേരിട്ട് വാഹന പരിശോധന നടത്തേണ്ട സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി പരിശോധന നടന്നത്. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ വരും ദിവസങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് ഏബ്രഹാം അറിയിച്ചു.