തിരുവനന്തപുരം: സംസ്ഥാനത്തെ വൻ അഴിമതിക്കാരായ 210 ഉദ്യോഗസ്ഥരുടെ പട്ടിക ജില്ലാ കേന്ദ്രങ്ങൾക്കു കൈമാറി വിജിലൻസ്. ഇത്തരം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് കൈക്കൂലി ട്രാപ്പിൽ കുടുക്കാൻ വിജിലൻസ് ഇന്റലിജൻസിന് വിജിലൻസ് മേധാവി നിർദേശം നൽകി.
റവന്യു, തദ്ദേശ, രജിസ്ട്രേഷൻ, മോട്ടോർവാഹന, പൊതുമരാമത്ത്, എക്സൈസ് വകുപ്പുകളിലാണ് വൻ അഴിമതിക്കാരായ ഭൂരിഭാഗം ഉദ്യോഗസ്ഥരുമുള്ളതെന്നാണ് വിജിലൻസ് കണ്ടെത്തൽ.
മറ്റു ചില വകുപ്പുകളിലും അഴിമതിക്കാരുണ്ട്. കൈക്കൂലി പണം ലഭിച്ചില്ലെങ്കിൽ ജനങ്ങൾക്കുള്ള സേവനം തടയുന്ന ഇത്തരം ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിച്ച് പിടികൂടാനാണ് നിർദേശം.
വിജിലൻസ് രഹസ്യാന്വേഷണത്തിലൂടെ തയാറാക്കിയ പട്ടിക ആയതിനാൽ ഇതു പുറത്തുവിടില്ല. ഇവരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാനാണ് ശ്രമം. ഇവരുടെ ഫോണ്, പണമിടപാടുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വിജിലൻസ് നിരീക്ഷണ പരിധിയിലാകും. ഇവരുടെ അടുത്ത ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാക്കും.
സ്വത്ത് ഇടപാടുകൾ അടക്കം നിരീക്ഷിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ ഒന്നിലേറെ ഭൂമിയും വീടും സ്വന്തമാക്കിയവരും ഇക്കൂട്ടത്തിലുണ്ട്. ഏജന്റുമാർ അടക്കമുള്ളവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
എല്ലാ വകുപ്പുകളിലും മിന്നൽ പരിശോധനകളും ട്രാപ്പ് ഓപ്പറേഷനും കൂട്ടാനും നിർദേശമുണ്ട്.കഴിഞ്ഞ രണ്ടു വർഷമായി എടുത്ത 400 കേസുകളിൽ ഭൂരിഭാഗവും റവന്യു, തദ്ദേശ ഭരണ വകുപ്പുകളിലാണെന്ന പ്രത്യേകതയുമുണ്ട്.