തിരുവില്വാമല: കൈക്കൂലി വാങ്ങിയക്കേസിൽ കണിയാർക്കോട് വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ട് വരണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു. അറസ്റ്റിലായ വില്ലേജ് ഓഫീസറെ അക്രമിക്കാൻ ശ്രമിച്ച സംഭവം കഴിഞ്ഞദിവസം ഉണ്ടായതായി പൗരസമിതി ഭാരവാഹികൾ പറഞ്ഞു.
വില്ലേജ് ഓഫീസിലെ രേഖകൾ നൽകാത്തതിനും തെറ്റായ രീതിയിൽ സർട്ടഫിക്കറ്റുകൾ നൽകാത്തതിലും ചിലർക്ക് വില്ലേജ് ഓഫീസറോട് വൈരാഗ്യം ഉണ്ടായിരുന്നു. തങ്ങളുടെ ഇങ്കിതത്തിന് വഴങ്ങാത്തതിലുള്ള വൈരാഗ്യമാണ് ഉദ്യോഗസ്ഥനെ കുടുക്കാനുള്ള കാരണമെന്നും വില്ലേജ് ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെതിരെയാണ് പരാതിക്കാരൻ വിജിലൻസിൽ പരാതി നൽകിയതെന്നും പൗരസമിതി ഭാരവാഹികളായ രാജു വെട്ടുകാടൻ, ആനപ്പാറ ചന്ദ്രൻ എന്നിവർ പറഞ്ഞു. യഥാർഥ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.