കടുത്തുരുത്തി: പ്രവാസി മലയാളിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കി കൊടുക്കാന്‍ സഹോദരനില്‍ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. ഞീഴൂര്‍ വില്ലേജ് ഓഫീസര്‍ കടുത്തുരുത്തി മങ്ങാട് കുറുമുള്ളില്‍ ജോര്‍ജ് ജോണ്‍ (52) ആണ് പിടിയിലായത്.
കുറവിലങ്ങാട് സ്വദേശിയായ യുവാവ് കാനഡയില്‍ പോകുന്നതിന് ഞീഴൂര്‍ പഞ്ചായത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പാലാ ആര്‍ഡിഒ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ പരിശോധന നടത്തി അന്വേഷണ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസില്‍ സമര്‍പ്പിക്കുന്നതിന് കൈക്കൂലിയായി 1,300 രൂപ യുവാവിന്റെ സഹോദരനില്‍നിന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു.
വില്ലേജ് ഓഫീസിലെ വൈദ്യുതി കുടിശിക അടയ്ക്കാനെന്ന പേരിലാണ് തുക ആവശ്യപ്പെട്ടതെന്നു പറയുന്നു. പണം നല്കിയെങ്കില് മാത്രമേ റിപ്പോര്‍ട്ട് ആര്‍ഡിഒ ഓഫീസിലേക്ക് അയയ്ക്കൂവെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞതായി പരാതിക്കാരന് പറയുന്നു.
ഇതോടെ ഈ വിവരം പരാതിക്കാരന് കോട്ടയം വിജിലന്‍സ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കിഴക്കന്‍ മേഖല വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശാനുസരണം പരാതിക്കാരനെ ഏല്പിച്ച പണം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ പരാതിക്കാരന് വില്ലേജ് ഓഫീസറുടെ മുറിയില്‍ വച്ച് ജോര്‍ജ് ജോണിന് കൈമാറി.
ഈ സമയം വിജിലന്‍സ് ഡിവൈഎസ്പി വി. രവികുമാറും സംഘവും ചേര്‍ന്ന് വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍ എസ്. പ്രദീപ്, എസ്ഐമാരായ സ്റ്റാന്‍ലി തോമസ്, വി.എം. ജെയ്മോന്, പ്രദീപ്കുമാര്‍, കെ.സി. പ്രസാദ് എന്നിവരുമുണ്ടായിരുന്നു.