കാസർഗോഡ്: റവന്യു വകുപ്പിന്റെ എതിർപ്പുകളെ അവഗണിച്ച് ഭൂമി കൈയേറി സിപിഎം നിർമിച്ച ബ്രാഞ്ച് ഓഫീസ് വിവാദത്തിൽ. 30 ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് വിവാദം തലപൊക്കിയത്. പുല്ലൂർ-പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ-വെള്ളിക്കോത്ത് റോഡരികിൽ കേളോത്ത് ആണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. സുശീല ഗോപാലൻ നഗർ ബ്രാഞ്ച് കമ്മിറ്റിക്കു വേണ്ടിയാണ് ലക്ഷങ്ങൾ ചെലവിട്ട് ഇരുനിലകെട്ടിടം നിർമിച്ചിരിക്കുന്നത്.
സെന്റിന് പത്തു ലക്ഷം രൂപ വിപണിവിലയുള്ള പെരിയ ടൗണിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയായാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇവിടെ രണ്ടേക്കറിലധികം ഭൂമി റവന്യുവകുപ്പിന്റെ അധീനതയിലുണ്ടെന്ന് താലൂക്ക് ഓഫീസിലെ ഭൂരേഖാ വിഭാഗത്തിൽനിന്നുള്ള കണക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും സ്ഥലത്ത് 17 വീടുകളും ഈ സിപിഎം ഓഫീസുമാണുള്ളത്. ഈ സ്ഥലം കൈയേറ്റ ഭൂമിയാണെന്ന് പുല്ലൂർ വില്ലേജ് ഓഫീസർ രേഖാമൂലം ജില്ലാ കളക്ടർക്ക് ഒന്നിലേറെ തവണ റിപ്പോർട്ട് ചെയ്തിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 17 ചെറുവീടുകളും പൊളിച്ചു നീക്കിയിരുന്നു. ഇടതുസർക്കാർ വന്നപ്പോൾ വീണ്ടും വീടുകൾ കെട്ടി. എല്ലാ വീടുകളും ഒന്നോ രണ്ടോ മുറികളാൽ നിർമിതമാണ്. റേഷൻകാർഡ് കിട്ടുന്നതിനായി ഇത്രയും വീടുകൾക്ക് പ്രതിപക്ഷത്തിന്റെ എതിർപ്പ് വകവയ്ക്കാതെ സിപിഎം ഭരിക്കുന്ന പുല്ലൂർ-പെരിയ പഞ്ചായത്ത് താത്കാലിക കെട്ടിട നമ്പർ നൽകുകയും ചെയ്തു.
എന്നാൽ വീടുകൾക്ക് മാത്രമേ താത്കാലിക നമ്പർ കൊടുത്തിട്ടുള്ളൂ. ഇവിടെ വർഷങ്ങൾക്ക് മുമ്പ് ഒരു ഓടുമേഞ്ഞ കെട്ടിടം ഉണ്ടായിരുന്നു. സർക്കാർ കൈയേറ്റ ഭൂമിയെന്ന് കണക്കാക്കും മുമ്പേയുള്ള കെട്ടിടമായതിനാൽ അതിനു നമ്പർ ഉണ്ടായിരുന്നു. വില്ലേജ് അധികാരികൾ സ്ഥലം അളന്നു തിട്ടപ്പെടുത്തിയതോടെ ഈ കെട്ടിട നമ്പർ ഫലത്തിൽ ഇല്ലാതായി.
എന്നിട്ടും ഈ നമ്പറാണ് പുതുക്കിപ്പണിത സിപിഎം കെട്ടിടത്തിന്റെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. പുതിയ കെട്ടിടത്തിന് പ്ലാനും എസ്റ്റിമേറ്റും നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അധികാരികളും പറയുന്നു. ഹൊസ്ദുർഗ് ഭൂരേഖാ വിഭാഗം തഹസിൽദാർ 2017 ഡിസംബർ 27നു ബ്രാഞ്ച് സെക്രട്ടറി ടി.പി.ബാബുവിന് ഇതു സംബന്ധിച്ച് നോട്ടീസ് കൈമാറിയിരുന്നു.
ബാബുവിനൊപ്പം 17 വീട്ടുകാർക്കും ഇതേ തരത്തിൽ നോട്ടീസ് കൈമാറിയിരുന്നു. ഒഴിഞ്ഞുപോകാത്തതിനാൽ ഹൊസ്ദുർഗ് തഹസിൽദാർ ഒന്നിലേറെ തവണ ഇവിടെയത്തി ഒഴിപ്പിക്കൻ ശ്രമിച്ചെങ്കിലും പാർട്ടിക്കാർ സംഘടിച്ചു തിരിച്ചയക്കുകയാണുണ്ടായത്. കെട്ടിടം പുതുക്കിപ്പണിയുന്ന വേളയിലും റവന്യുവകുപ്പ് ഇത് കൈയേറ്റ ഭൂമിയാണെന്ന് ഓർമിപ്പിച്ചിരുന്നു.
നോട്ടീസ് കിട്ടുമ്പോൾ രണ്ടാഴ്ച പണി നിർത്തിവയ്ക്കുമെന്നും പിന്നീട് തുടരുകയുമായിരുന്നു പതിവെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ കൈയേറ്റം നടത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.