ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തില്‍ ഇന്നിംഗ്‌സ് തുറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലന്ധറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ രംഗത്തെത്തിയേക്കുമെന്ന് ഇന്ത്യ ടുഡോ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന മുഹമ്മദ് കൈഫിന്റെ ഇടപെടലാണ് ഭാജിയെ പാര്‍ട്ടിയിലേക്ക് നയിച്ചതെന്നാണ് സൂചന
ജലന്ധറില്‍ നിന്നു മത്സരിക്കാനാണ് ഹര്‍ഭജന്‍ ആലോചിക്കുന്നത്. നേരത്തെ, നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സിദു ബിജെപി വിട്ട നാള്‍ മുതല്‍ അദ്ദേഹം എങ്ങോട്ട് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു. ആം ആദ്മിയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഭാര്യ നവ്‌ജോത് കൗര്‍ സിദ്ധു കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം സിദ്ധുവും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
ക്രിക്കറ്റില്‍ ഏറെ ആരാധകരുള്ള ഭാജി പഞ്ചാബില്‍ ഏറെ ജനപ്രീതിയുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ സിഖ് സമുദായത്തില്‍ ഹര്‍ഭജനെതിരേ പ്രതിഷേധവുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് സിഖ് വിശ്വാസികള്‍ ഉപയോഗിക്കുന്ന തലപ്പാവ് ഉപയോഗിക്കാതെ അദ്ദേഹം റാമ്പിലെത്തിയിരുന്നു. ഇതിനെതിരേ അന്ന് വന്‍വിമര്‍ശനമുയര്‍ന്നിരുന്നു. എന്തായാലും ഹര്‍ഭജന്റെ ജനപ്രീതി മുതലാക്കനാകുമെന്നാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. സിദ്ദുവിനൊപ്പം ഭാജി കൂടി കോണ്‍ഗ്രസ് കൂടാരത്തിലെത്തിയതോടെ ഭരണകക്ഷിയായ ശിരോമണി അകാലിദളും ബിജെപിയും പ്രതിരോധത്തിലായിട്ടുണ്ട്.