കോട്ടയം: കൈക്കൂലി വാങ്ങി കോടികൾ സ്വരുക്കൂട്ടിയ മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർമാർക്കെതിരേ വിജിലൻസ് നടപടി കടുപ്പിക്കുന്നു.
ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇവരുടെ സന്പത്തിന്റെ കണക്കുകൾ പുറത്തുവരുന്നത്.
കൈക്കൂലിയുടെ യഥാർഥ വിവരങ്ങൾ പുറത്തേക്കു വരുന്പോൾ ഇവരുടെ ജോലിയെത്തന്നെ ബാധിക്കുന്ന വിധത്തിൽ വൻ കൈക്കൂലിയുടെ കഥകൾ വ്യക്തമാകുമെന്നാണ് പ്രാഥമിക സൂചന.
മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം ജില്ലാ എൻവയണ്മെന്റ് എൻജിനിയർ എ.എം. ഹാരീസ്, തിരുവനന്തപുരം മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ എൻജിനിയർ ജെ. ജോസ്മോൻ എന്നിവർക്കെതിരെയാണ് പ്രത്യേക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർക്കു വരവിൽ കവിഞ്ഞ വൻ സ്വത്ത് സന്പാദ്യമുണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഇതോടെ വിജിലൻസിന്റെ സ്പെഷൽ സെല്ലിന് അന്വേഷണം കൈമാറിയേക്കും.
അനധികൃത സ്വത്ത് സന്പാദിക്കുന്ന കേസുകൾ അന്വേഷിക്കുന്നതിനായി വിജിലൻസിന് മൂന്നു സ്പെഷൽ യൂണിറ്റുകളാണുള്ളത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്ട് എന്നിവിടങ്ങളിലാണ് സ്പെഷൽ യൂണിറ്റുകളുള്ളത്. ഇതിൽ കോട്ടയത്തെ അനധികൃത സ്വത്ത് സന്പാദന കേസുകൾ അന്വേഷിക്കുന്നത് എറണാകുളത്തെ വിജിലൻസ് സ്പെഷൽ സെല്ലാണ്.
കോട്ടയത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങൾ സ്പെഷൽ സെല്ലിനു കൈമാറും. തുടർന്ന് അനധികൃത സ്വത്ത് സന്പാദനത്തിൽ കേസ് രജിസ്റ്റർ ചെയ്താണ് സ്പെഷൽ സെൽ അന്വേഷണം ആരംഭിക്കുന്നത്.
പാലായിലെ വ്യവസായിയുടെ പക്കൽനിന്നും സ്ഥാപനത്തിനു ലൈസൻസ് പുതുക്കി നല്കുന്നതിനു 25,000 രൂപയാണ് എ.എം. ഹാരീസ് കൈക്കൂലി വാങ്ങിയത്.
അറസ്റ്റിലായതോടെ എ.എം. ഹാരീസിനെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.
മുന്പ് ഇതേ തസ്തികയിൽ ജോലി ചെയ്തിരുന്നയാളും ഇപ്പോൾ തിരുവനന്തപുരത്തു മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലെ ഉദ്യോഗസ്ഥനുമായ ജെ. ജോസ്മോൻ പാലായിലെ വ്യവസായിയിൽനിന്ന് ഒരു ലക്ഷം രൂപയാണ് മുന്പ് ആവശ്യപ്പെട്ടത്.
ഇതോടെയാണ് കേസിൽ ജോസ്മോനെ രണ്ടാം പ്രതിയാക്കി അന്വേഷണം ആരംഭിച്ചത്.
ഇരുവരും അനധികൃതമായി സ്വത്ത് സന്പാദിച്ചെന്നു കണ്ടെത്തിയ വിജിലൻസ് ഇവർക്കെതിരേ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നത ഉദ്യോഗസ്ഥർക്കു റിപ്പോർട്ട് സമർപ്പിച്ചു.
ഹാരീസിന്റെ വീട്ടിൽ റെയ്ഡ് നടന്ന വിവരമറിഞ്ഞ ജോസ്മോൻ കൊല്ലം എഴുകോണിലെ വീട്ടിലെത്തി പണമുൾപ്പെടെ കടത്തിയതായും വിജിലൻസിനു വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ജോസ്മോന്റെ വീട്ടിൽ വിജിലൻസ് റെയ്ഡിൽ 1.98 കോടി രൂപയുടെ സ്ഥിര നിക്ഷേപത്തിനു പുറമേ വീടുകൾ, വ്യാപാര സമുച്ചയം, ഫ്ളാറ്റുകൾ, കടമുറികൾ, വാഗമണൽ റിസോർട്ട് തുടങ്ങിയവയുടെ ഉടമസ്ഥത രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.
ലക്ഷക്കണക്കിനു രൂപയുടെ വിദേശ കറൻസികൾ, വിമാനത്താവളം, ആശുപത്രി എന്നിവയുടെ ഓഹരികൾ ജോസ്മോന്റെ ഉടമസ്ഥതയിലുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽനിന്ന് 100 പവനിൽ അധികം സ്വർണവും ബാങ്ക് ലോക്കറിൽ 40 പവൻ സ്വർണവും കണ്ടെത്തിയിട്ടുണ്ട്.
ഒന്നര ലക്ഷം രൂപയുടെ മൊബൈൽ ഫോണ്, ഒരു ലക്ഷം രൂപ വിലയുള്ള ടിവി, ഒരു ലക്ഷത്തിലധികം രൂപയുടെ റാഡോ വാച്ച് എന്നിവയും കണ്ടെത്തി.
വിജിലൻസിനു ലഭിച്ച രഹസ്യവിവരം അനുസരിച്ചു ജോസ്മോന്റെ വീട്ടിൽ ഹാരീസിന്റെ വീട്ടിലേതു പോലെ വലിയ തുക സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.
എന്നാൽ പരിശോധനയിൽ ഒന്നേമുക്കാൽ ലക്ഷം രൂപ മാത്രമേ ലഭിച്ചുള്ളൂ. ഇയാൾ വീട്ടിലെത്തി മടങ്ങിയതു പണം കടത്താനാണെന്ന നിഗമനത്തിലാണ് വിജിലൻസ് ഉദ്യോഗസ്ഥർ. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ ആസ്തി മൂല്യ നിർണയം നടത്താനുള്ള ഒരുക്കത്തിലാണ് വിജിലൻസ്.
നേരത്തെ എ.എം. ഹാരീസിന്റെ ആലുവയിലെ ഫ്ളാറ്റിൽ റെയ്ഡ് നടത്തി വിജിലൻസ് സംഘം കണ്ടെത്തിയതു 17 ലക്ഷം രൂപയാണ്.
80 ലക്ഷം രൂപ മൂല്യം വരുന്ന ഫ്ളാറ്റിലാണു താമസിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ 18 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. തിരുവനന്തപുരത്ത് 2,000 ചതുരശ്ര അടിയുള്ള വീടുണ്ട്. പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ടെന്നും കണ്ടെത്തി.
ഹാരിസുമായി എത്തിയ വിജിലൻസ് സംഘം ഇയാളുടെ ഫ്ളാറ്റിൽ ഒരു മേശയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു.
കുക്കറിലും അരിപ്പാത്രത്തിലും സൂക്ഷിച്ചിരുന്ന പണവും കണ്ടെടുത്തു. ഓരോ കെട്ടു നോട്ടും പ്രത്യേകം കവറുകളിലാക്കി സൂക്ഷിച്ചിരുന്നു.
കൃത്യമായ കണക്കും ഇയാൾക്കുണ്ടായിരുന്നു. 16.60 ലക്ഷം രൂപയുണ്ടെന്ന് ഹാരിസ് വിജിലൻസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എണ്ണി നോക്കിയപ്പോൾ കൃത്യമായിരുന്നു. നോട്ടണ്ണെൽ മെഷീൻ എത്തിച്ചാണു പണം എണ്ണി തിട്ടപ്പെടുത്തിയത്.