നെയ്യാറ്റിൻകര: പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണെന്ന ബോർഡ് സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്ന ചട്ടം നെയ്യാറ്റിൻകരയിൽ വ്യാപകമായി ലംഘിക്കപ്പെടുന്നു.
നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ മുപ്പതോളം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരു ഓഫീസിനു പുറത്ത് ജനാലയോട് ചേർത്ത് കെട്ടിവച്ചിരിക്കുന്ന ബോർഡ് കാണാം.
പക്ഷെ, അതിലുള്ളത് വായിക്കണമെങ്കിൽ ഏണി വച്ച് മുകളിൽ കയറണം. പണം അനധികൃതമായി വാങ്ങുന്ന തരത്തിലുള്ള സംഭവങ്ങൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ അറിയിക്കണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബോർഡിലുള്ളത് പഴയ ഏഴക്ക ടെലിഫോണ്‍ നന്പറും. നെയ്യാറ്റിൻകരയിലെ പല സർക്കാർ ഓഫീസുകളിലും സ്ഥിതി ഇതാണെന്നാണ് ആക്ഷേപം. എന്നാൽ മിനി സിവിൽ സ്റ്റേഷൻ അടക്കം പലയിടത്തും വിവിധ സംഘടനകളുടെയും മറ്റും ചെറുതും വലുതുമായ നിരവധി ഫ്ളക്സ് ബോർഡുകളുടെ നീണ്ട നിര തന്നെയുണ്ട്.