പ്രത്യേക ലേഖകൻ
തൃശൂർ: തൃശൂരിൽ പത്തു ലക്ഷം രൂപ കോഴ വാങ്ങി പിടിയിലായ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണർമാർ അടക്കം അഴിമതിക്കേസിൽ കുടുങ്ങിയ 15 ഉന്നത ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ സർവീസിൽനിന്നു പിരിച്ചുവിട്ടു. കഴിഞ്ഞ ജൂണ്‍ മാസത്തിൽ ഇത്തരത്തിലുള്ള 12 ഉന്നത ഉദ്യോഗസ്ഥരെ ആദായ നികുതി വകുപ്പിൽനിന്നു പിരിച്ചുവിട്ടിരുന്നു.
തൃശൂർ ആദായനികുതി ഓഫീസിലെ അസിസ്റ്റന്റ് കമ്മീഷണർമാരായ ജോസ് കുഞ്ഞിപ്പാലു, വിൻസെന്റ് ജോസഫ് എന്നിവർ അടക്കമുള്ളവരെയാണു പിരിച്ചുവിട്ടത്. 2014 ലാണ് ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ പത്തു ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെ സിബിഐയുടെ പിടിയിലായത്.
സസ്പെൻഷനിലായിരുന്ന ഇരുവരും സ്വാധീനം ചെലുത്തി സർവീസിൽ തിരിച്ചെത്തി. മുംബൈയിൽ സേവനം തുടരുകയായിരുന്നു ഇവർ. തൃശൂരിൽ തങ്ങളെ കോഴക്കേസിൽ കുടുക്കിയ വ്യവസായ സംരംഭകരായ കുന്നംകുളം പെരുന്പിലാവിലെ കാനൻ ഗ്രാനൈറ്റ്സ് ഉടമകളെ തൃശൂരിലെ ഉദ്യോഗസ്ഥരെക്കൊണ്ടു ദ്രോഹിക്കൽ തുടരുകയും ചെയ്തിരുന്നു.
കോഴ വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരേയുള്ള കേസുകൾ കോടതിയിൽ തുടരുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കാനൻ ഗ്രാനൈറ്റ്സ് ഉടമ സൈമണ്‍ കെ. ഫ്രാൻസിസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമല സീതാരാമനും പരാതി നൽകിയിരുന്നു. ഈ പരാതികൂടി പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടത്.
പത്തു ലക്ഷം രൂപ കോഴ വാങ്ങാൻ 2014 ൽ അന്‍പതു ലക്ഷം രൂപകൂടി ആദായനികുതിയായി അടയ്ക്കണമെന്ന് ഈ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. മുപ്പതു ലക്ഷത്തോളം രൂപ ആദായനികുതി അടച്ചിട്ടുണ്ടെന്നും കണക്കു കൃത്യമാണെന്നും കാനൻ ഗ്രാനൈറ്റ്സ് മറുപടി നൽകി. ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. ഒടുവിൽ പത്തു ലക്ഷം രൂപ കോഴ തന്നാൽ 50 ലക്ഷം രൂപ ചുമത്തുന്നത് ഒഴിവാക്കാമെന്നു പറഞ്ഞു. ഇതനുസരിച്ചു പണം കൈമാറുന്നതിനിടയിലാണ് രണ്ട് ഉദ്യോഗസ്ഥരും സിബിഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
അറസ്റ്റിനു ശേഷം ഇവരുടെ വീടുകളിലും മറ്റും റെയ്ഡ് നടത്തി അനധികൃത സ്വത്തുക്കൾ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിൽ ഫാം ഹൗസ് അടക്കം നൂറിലേറെ സ്വത്തുവകകൾ കൈക്കലാക്കിയവരാണ് ഇവർ. അന്‍പതു ലക്ഷത്തിലേറെ രൂപയും സ്വർണനാണയങ്ങളും ഇവരുടെ വീടുകളിൽനിന്നു പിടികൂടിയിരുന്നു.