കോഴിക്കോട്: അരലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ പിടിയിലായ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ പരിശോധിക്കുന്നു. അനധികൃതമായ രീതിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. ഇദ്ദേഹത്തിന്റേയും കുടംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിബിഐ സംഘം ശേഖരിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മറ്റ് സ്ഥാപനങ്ങളില്‍നിന്ന് പ്രതി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് സിബിഐ സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇന്നലെയാണ് കോട്ടക്കല്‍ സ്വദേശിയും കോഴിക്കോട് മേഖല എന്‍ഫോഴ്സ്മെന്റ് ഓഫീസറുമായ പ്രേമകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ എരഞ്ഞിപ്പാലത്തെ ഓഫീസില്‍നിന്ന് സിബി ഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി ദേവരാജന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പെരിന്തല്‍മണ്ണ പാത്തിക്കല്‍ മോട്ടോര്‍സ് എന്ന ഓട്ടോ മൊബൈല്‍ സ്ഥാപന ഉടമകളില്‍നിന്ന് പ്രേമകുമാരന് 50000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിന്റെ പിഎഫ് വിഹിതം കുടിശ്ശികയായതിനാല്‍ നടപടിയെടുക്കാതിരിക്കാനായിരുന്നു തുക ആവശ്യപ്പെട്ടത്. ഉടമ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാല്‍ ഓഫീസര്‍ ഭീഷണി തുടര്‍ന്നു. തുടര്‍ന്നാണ് സിബിഐക്ക് രേഖാമൂലം പരാതി നല്‍കിയത്.
ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തെ ഓഫീസ് ഓട്ട ോമൊബൈല്‍ സ്ഥാപന ഉടമകള്‍ സിബിഐ നല്കിയ നോട്ടുകള്‍ ഓഫീസര്‍ക്ക് കൈമാറുകയും ഉടന്‍ സിബിഐ സംഘം കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടെ തന്നെ പ്രതിയുടെ വീട്ടിലും പരിശോധന നടത്തി ഫയലുകളടക്കമുള്ളവ ശേഖരിച്ച ശേഷമാണ് സിബിഐ കൊച്ചിയിലേക്ക് തിരിച്ചത്.