വൻ തുകയുടെ കൈക്കൂലി വാഗ്ദാനം നിരസിച്ച പോലീസ് ഉദ്യോഗസ്ഥനെ ആദരിച്ച് ദുബായ് പോലീസ്. മുഹമ്മദ് അബ്ദുള്ള ബിലാൽ എന്ന ഉദ്യോഗസ്ഥനാണ് ദുബായ് പോലീസിന്റെ ബഹുമതിയും സ്ഥാനക്കയറ്റവും ലഭിച്ചത്.
മാസംതോറും 50,000 ദിർഹം (ഒന്പതു ലക്ഷം രൂപ), സ്വന്തമായി ഒരു കാർ, മുൻകൂർ തുകയായി 30,000 ദിർഹം എന്നിവങ്ങനെയായിരുന്നു ഒരു സംഘം ബിലാലിനു നൽകിയ വാഗ്ദാനം. പകരമായി ദുബായിയിലെ അൽ മുഹൈസ്ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വിൽക്കുന്ന സംഘത്തിലെ അംഗങ്ങളെ പോലീസ് നടപടിയിൽനിന്ന് ഒഴിവാക്കാൻ സംഘം ആവശ്യപ്പെട്ടു.
എന്നാൽ, ഈ വന്പൻ വാഗ്ദാനം ബിലാൽ നിരസിക്കുകയായിരുന്നെന്ന് ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മറി പറഞ്ഞു. ബിലാലിന് മേജർ ജനറൽ അൽ മറി സമ്മാനവും അനുമോദന സർട്ടിഫിക്കറ്റും നൽകി ആദരിച്ചതായി ദുബായ് പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു.