ദി ഹേഗ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രതിനിധികളോടു സൗഹൃദം പങ്കിടാൻ വിസമ്മതിച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ. പാക് പ്രതിനിധി സൗഹൃദം പങ്കിടാൻ ഹസ്തദാനം ചെയ്തപ്പോൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ അതു നിരസിക്കുകയായിരുന്നു.
ഇന്ത്യൻ ചാരനെന്നാരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ച കുൽഭൂഷണ് ജാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേൾക്കുന്നതിനു തൊട്ടുമുന്പാണ് ഉദ്യോഗസ്ഥർ കണ്ടുമുട്ടിയത്. പാക്കിസ്ഥാൻ അഡ്വക്കേറ്റ് ജനറൽ അൻവർ മൻസൂർ ഖാൻ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തൽ ഹസ്തദാനം നൽകാൻ വിസമ്മതിക്കുകയായിരുന്നു. പകരം ദീപക് മിത്തൽ പാക് ഉദ്യോഗസ്ഥനു നേരെ കൈകൂപ്പി നമസ്കാരം പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാക് പ്രതിനിധികളോട് ഇത്തരത്തിൽ പെരുമാറുന്നത് ആദ്യമായല്ല. 2017 മേയ് മാസത്തിലും പാക് പ്രതിനിധികളോട് ഇന്ത്യൻ ഉദ്യോഗസ്ഥർ ഇത്തരത്തിൽ പെരുമാറിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, വധശിക്ഷ കാത്ത് പാക് ജയിലിൽക്കഴിയുന്ന കുൽഭൂഷണ് ജാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് രാജ്യാന്തരകോടതിയിലെ വിചാരണ തുടരുകയാണ്. കുൽഭൂഷണ് ജാദവിനു വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനികകോടതിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ശരാശരി നിലവാരം പോലുമില്ലാത്ത വിചാരണയിലൂടെ കൈക്കൊണ്ട തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഇന്ത്യക്കുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവേ ആവശ്യപ്പെട്ടു.
നാലു ദിവസമാണ് കേസിൽ വാദം. രണ്ടാം ദിവസം പാക്കിസ്ഥാന്റെ വാദം നടക്കും. മൂന്നാം ദിവസം ഇന്ത്യക്ക് എതിർവാദങ്ങൾ പറയാം. തൊട്ടടുത്ത ദിവസം പാക്കിസ്ഥാനും. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഉഭയകക്ഷിബന്ധം പൂർണമായും താറുമാറായ അന്തരീക്ഷത്തിൽ കുൽഭൂഷണ് ജാദവിന്റെ വിചാരണയും ലോകം സാകൂതം വീക്ഷിക്കുകയാണ്.
നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജാദവിനെ 2016 മാർച്ച് മൂന്നിനാണു ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. ഇറാനിൽവച്ച് അനധികൃതമായി അറസ്റ്റ് ചെയ്തുവെന്നാണ് ഇന്ത്യയുടെ വാദം. എന്നാൽ, ഇറാനിൽനിന്ന് പാക്കിസ്ഥാനിലേക്കു കടന്നപ്പോഴായിരുന്നു അറസ്റ്റെന്നു പാക്കിസ്ഥാൻ പറയുന്നു.