കോഴിക്കോട്: കൈലാസത്തിലേക്ക് തീർഥയാത്ര പോയ മലയാളി സംഘം നേപ്പാളിലെ സിനികോട്ടിൽ കുടുങ്ങിയ സംഭവത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരിന്റെ സഹായം തേടുമെന്ന് ട്രാവൽ ഏജൻസി. ഇന്ന് രാവിലെ മുഖ്യമന്ത്രിയെ ഏജൻസി പ്രതിനിധികൾ നേരിട്ട് കാണുമെന്നും സദ്ഗമയ ടൂർസ് ആൻഡ് ട്രാവൽസ് പാർടണർ എം. ദിവാകരൻ പറഞ്ഞു.
കാലാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട് കക്കോടി സ്വദേശി വിനോദ്, പാലത്ത് സ്വദേശി ചന്ദ്രൻ, വനജ എന്നിവരും. എരണാകുളം സ്വദേശി ലക്ഷമി, പെരിന്തൽമണ്ണ സ്വദേശി രമാദേവി എന്നിവരാണ് സിനികോട്ടിൽ കുടുങ്ങിയത്. ഇതിൽ വിനോദ് നേപ്പാൾഗഞ്ച് താഴ്വാരത്ത് എത്തിയിട്ടുണ്ടെങ്കിലും മറ്റുള്ളവർക്കായി കാത്ത് നിൽക്കകയാണ്.
സിനികോട്ടിൽ നിന്ന് നേപ്പാൾ ഗഞ്ചിലേക്ക് ഹെലികോപ്റ്റർ വഴിയാണ് തീർഥാടകരെ എത്തിക്കുന്നത്. താഴ്വാരത്ത് മഴ ശക്തമായതിനെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കാതെ വന്നതോടെയാണ് ഇവർ സിനികോട്ടിൽ തന്നെ കുടുങ്ങിയിരിക്കുന്നത്. അതേസമയം സംഭവത്തിൽ നേപ്പാൾ എംബസി മറുപടിയൊന്നും നൽകിയിട്ടില്ലെന്ന് ദിവാകരൻ പറഞ്ഞു.
കേന്ദ്ര സർക്കാർ ഇടപെട്ടാൽ തീർഥാടകരെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 600 പേരാണ് സിനികോട്ടിൽ കുടുങ്ങിയിട്ടുള്ളത്. ഇതിൽ സദ്ഗമയ ടൂർസ് ആൻഡ് ട്രാവൽസ് ഏജൻസിയുടെ 37 പേരാണുള്ളത്.
സിനികോട്ടിൽ തത്കാലം ഭക്ഷണത്തിന് തടസമില്ലെന്ന് ദിവാകരൻ പറഞ്ഞു. എന്നാൽ സമയം വൈകും തോറും അതും പ്രയാസത്തിലാകും. തീർഥാടകരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നുണ്ടെന്നും മാനസിക പ്രയാസമല്ലാതെ മറ്റു പ്രയാസങ്ങളില്ലെന്നാണ് അവർ പറഞ്ഞതെന്നും ദിവാകരൻ വ്യക്തമാക്കി. ജൂൺ 21നാണ് സംഘം കൈലാസത്തിലേക്ക് യാത്ര തിരിച്ചത്.