മങ്കൊന്പ്: സർക്കാരിന്റെ വാക്കു കേട്ട് പാടശേഖരത്തിന്റെ പുറംബണ്ടു നിർമിച്ച കർഷകരും, പാടശേഖരസമിതിയും കടക്കെണിയിലായതായി പരാതി. കൈനകരി കൃഷിഭവൻ പരിധിയിൽ വരുന്ന ഉതിമട പുനാന്തുരം പാടശേഖരത്തിലെ കർഷകരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മടവീഴ്ചയെത്തുടർന്ന് കൃഷിവകുപ്പിന്റെ നിർദേശപ്രകാരം മട കുത്തിയ ഇനത്തിൽ നൽകാമെന്നേറ്റിരുന്ന തുക ഇപ്പോൾ പത്തിലൊന്നായി വെട്ടിച്ചുരുക്കിയെന്നാണ് കർഷകർ ആരോപിക്കുന്നത്. കഴിഞ്ഞ ജൂണ്, ജൂലായ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കങ്ങളെ തുടർന്ന് കുട്ടനാട് പാക്കേജ് പ്രകാരം നിർമാണപ്രവർത്തനങ്ങൾ നടന്നതടക്കം രണ്ടാം കൃഷിയിറക്കിയിരുന്ന പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായിരുന്നു.
ഉതിമടപുനാന്തരം പാടത്ത് മടവീണതോടെ പാടത്തിനു നടുവിലും, പുറംബണ്ടിലുമുള്ള വീടുകൾ വെള്ളത്തിലായിരുന്നു. ഈ സാഹചര്യത്തിൽ കൃഷി, ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മടകുത്തുന്നതിനും റിംഗ് ബണ്ടുകൾക്കുമായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
തുടർന്നു താമസക്കാർക്കടക്കമുണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ പ്രവൃത്തികൾ അടിയന്തികരമായി പൂർത്തിയാക്കാൻ പാടശേഖരസമിതികൾക്ക് നിർദേശം നൽകി. മടകുത്തുന്നതിനായി നാലുലക്ഷം രൂപയും, രണ്ടു കിലോമീറ്റർ പുറംബണ്ടിൽ റിംഗ് ബണ്ടു പിടിക്കുന്നതിനായി 11 ലക്ഷം രൂപയും വാക്കാൽ അനുവദിച്ചിരുന്നു.
ഇതേത്തുടർന്ന് ആലപ്പുഴ ജോയിന്റ് ഡയറക്ടറുടെ അക്കൗണ്ടിൽ നിന്നും മടകുത്തുന്നതിന് അനുവദിച്ച തുകയുടെ 20 ശതമാനമായ 80,000 രൂപ അനുവദിച്ചു. തുടർന്ന് മടകുത്തി മോട്ടോറുകൾ പ്രവർത്തിപ്പിക്കാനാരംഭിക്കുകയും ചെയ്തു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓഗസ്റ്റു മാസമുണ്ടായ മഹാപ്രളയത്തിൽ മടവീഴ്ചയുണ്ടാകുകയും റിംഗ് ബണ്ടുകൾ ഒലിച്ചുപോകുകുയും ചെയ്തുവെന്ന് കർഷകർ പറയുന്നു.
ഇതേത്തുടർന്ന് പണികൾ വീണ്ടും നടത്തുന്നതിനായി നേരത്തെ അനുവദിച്ച 11 ലക്ഷം രൂപയിൽനിന്നും ഒരു ലക്ഷം രൂപ അഡ്വാൻസായി ലഭിച്ചു. ഒക്ടോബർ ആദ്യം പുഞ്ചക്കൃഷിയിറക്കേണ്ട സാഹര്യത്തിൽ ബാക്കി തുക കടം വാങ്ങി 90 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയതായി പാടശേഖരസമിതി പറയുന്നു.
എന്നാൽ കിലോമീറ്ററിന് 60,000 രൂപ പ്രകാരം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രമേ നൽകാനാകുകയുള്ളുവെന്നാണ് കൃഷിവകുപ്പിന്റെ നിലപാടെന്ന് കർഷകർ പറയുന്നു. കൈനകരി കൃഷിഭവൻ പരിധിയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും സർക്കാർ വാഗ്ദാനമനുസരിച്ച് മുക്കാൽഭാഗം പണികൾ പൂർത്തിയാക്കിക്കഴിഞ്ഞു. അവശേഷിക്കുന്ന പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ വേലിയേറ്റമുണ്ടാകുന്പോൾ വീണ്ടും മട വീഴാനുള്ള സാധ്യതയും നിലനിൽക്കുന്നു.
സർക്കാരിന്റെ വാക്കു വിശ്വസിച്ചു കടംവാങ്ങി പണികൾ ചെയ്തു കടക്കെണിയിലായ തങ്ങൾ ആത്മഹത്യയുടെ വക്കിലാണെന്നാണ് ഇവർ പറയുന്നത്. നേരത്തെ നൽകിയ ഉറപ്പിൻ പ്രകാരം തങ്ങൾക്കു ചെലവായ തുക നൽകാത്ത പക്ഷം കൃഷിഭവൻ ഉപരോധമടക്കമുള്ള സമരങ്ങളിലേക്കു നീങ്ങുമെന്ന് ഉതിമടപുനാന്തുരം പാടശേഖരസമിതി സെക്രട്ടറി വി.ആർ. ഉത്തമൻ, പ്രസിഡന്റ് എം.പി. സിജികുമാർ എന്നിവർ പറഞ്ഞു.