ചങ്ങനാശേരി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ വനിതാ ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ ജില്ലാ ജയിലിലടച്ചു.
ബുധനാഴ്ചയാണ് ചങ്ങനാശേരി നഗരസഭയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കൈക്കൂലി വാങ്ങിയ കേസിൽ റവന്യു ഓഫീസർ സുശീല സൂസൻ, റവന്യു ഇൻസ്പെക്ടർ സി. ആർ ശാന്തി എന്നിവരെ അറസ്റ്റ് ചെയ്തത്ത്. ഇവരിൽ നിന്നും 18,500 രൂപ പിടിച്ചെടുത്തിരുന്നു.
പ്രവാസി മലയാളിയുടെ പരാതിയിലായിരുന്നു വിജിലൻസിന്റെ നടപടി. പുതിയ വീടിന് മുനിസിപ്പൽ നന്പർ ലഭിക്കുന്നതിനും അതിന്റെ നികുതി കുറച്ചു കൊടുക്കുന്നതിനുമായി അറസ്റ്റിലായ വനിതാ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
കെട്ടിടത്തിനു നന്പർ നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങൾ പരാതിക്കാരൻ മൊബൈലിൽ റെക്കോർഡ് ചെയ്തതിനു ശേഷം വിജിലൻസിന് കൈമാറിയിരുന്നു.
വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നഗരസഭയിൽ എത്തി ഫിനോൾഫ്താലിൻ പൗഡർ പുരട്ടിയ അഞ്ഞൂറു രൂപയുടെ പത്തുനോട്ടുകൾ ഉദ്യോഗസ്ഥർക്ക് കൈമാറുകയും പിന്നാലെ ഇവിടേക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ തെളിവു സഹിതം പിടികൂടുകയുമായിരുന്നു.