സ്വന്തം ലേഖകൻ
തൃശൂർ: കൈപ്പമംഗലത്തെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഉൗർജിതമാക്കി. ജ്വല്ലറി ഉടമയുടെ മൊഴി വീണ്ടും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്വർണം ലോക്കറിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് മൊഴിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്. സയന്റിഫിക് വിദഗ്ധരുടെ സേവനം ഈ സംശയം ദുരീകരിക്കാൻ ഉപയോഗപ്പെടുത്തും.
നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കുകൾ വിശദമായി പരിശോധിക്കുന്നുണ്ട്. ജ്വല്ലറി ഉടമയുടെ സാന്പത്തിക ഇടപാടുകൾ പോലീസ് അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം മൂന്നുമുറിയിലെ ജ്വല്ലറിയിൽ വൻ കവർച്ച നടന്നത്. സെന്ററിലെ ഗോൾഡ് ഹാർട്ട് ജ്വല്ലറിയുടെ ചുമർ തുരന്ന് മൂന്നര കിലോ സ്വർണം കവർന്നതായാണ് പരാതി.
ഇന്നലെ രാവിലെ ഷോറൂം തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണവിവരം ആദ്യം അറിഞ്ഞതെന്നു പറയുന്നു. ജ്വല്ലറിയുടെ പിൻവശത്തെ ഭിത്തി തുരന്നാണ് മോഷണം. ജ്വല്ലറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിലായിരുന്നു.