എടക്കര: ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാർ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കൈപ്പിനി പാലം തകർന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. കുറുന്പലങ്ങോട് വില്ലേജിലെ മുഴുവൻ ആളുകളും മറ്റു പ്രയാസങ്ങൾക്കുപരി യാത്രാക്ലേശത്താൽ വലയുകയാണ്.
കൈപ്പിനിയിൽനിന്നു അഞ്ച് മിനിട്ടു സഞ്ചരിച്ചാൽ ചുങ്കത്തറ ടൗണുമായി ബന്ധപ്പെടാൻ ജനങ്ങൾക്ക് സാധിച്ചിരുന്നു. എന്നാലിപ്പോൾ ഇരുപത് കിലോമിറ്ററോളം സഞ്ചരിച്ച് മൈലാടിപാലം വഴിയോ, ആറെട്ടു കിലോമിറ്ററോളം സഞ്ചരിച്ച് പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് വഴിയോ വേണം പുറംലോകത്തെത്താൻ. രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ പോലും ദുരിതത്തിലായിരിക്കുകയാണിവർ.
പേമാരിയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ കൈപ്പിനി പാലം ഒലിച്ചുപോകുകയും മറ്റു പാലങ്ങൾ വെള്ളത്തിലാകുകയും ചെയ്തതോടെ വില്ലേജിലെ ആയിരങ്ങളാണ് ഒറ്റപ്പെട്ടത്. വരും നാളുകളിൽ വിദ്യാർഥികളടക്കമുള്ളവരുടെ കാര്യത്തിലാണ് ജനങ്ങളുടെ ആശങ്ക. പുതിയ പാലം യാഥാർഥ്യമാകുന്നതു വരെ മറ്റു സ്ഥലങ്ങളിൽ പഠനം നടത്തുന്നതടക്കമുള്ള വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നത് സംബന്ധിച്ചാണ് ആശങ്ക.