പേരാമ്പ്ര: കുറ്റ്യാടി പുഴയുടെ ഭാഗമായ കല്ലൂര്‍ കൈപ്രം ഭാഗത്ത് പുഴയുടെ ഓരങ്ങള്‍ പുഴയെടുത്തതോടെ സമീപത്തെ സ്ഥല ഉടമകള്‍ ആശങ്കയില്‍ . പേരാമ്പ്ര, വേളം പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലത്താണ് ഭീമമായ മണ്ണിടിച്ചില്‍ ഉണ്ടായത്.
കൈപ്രം അങ്ങാടിക്കടവ് മുതല്‍ ചീക്കിലോട് കടവ് വരെയാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ഇത്തവണത്തെ അതിവര്ഷത്തിലാണ് കൈപ്രം പള്ളിക്കടുത്തും അങ്ങാടിക്കടവ് ഭാഗത്തും പുഴയുടെ ഇരുകരകളെയും കവര്‍ന്നെടുക്കുന്നത്. പറമ്പിന്റെ നല്ലൊരു ഭാഗവും മരങ്ങളും വെള്ളപ്പാച്ചിലില്‍ പുഴയെടുത്തു. ഇരു ഭാഗത്തുമായി രണ്ടര കിലോമീറ്ററോളം ദൂരത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.
കൈപ്രം അങ്ങാടിക്കടവ് ഭാഗങ്ങളില്‍ വെള്ളൊലിപ്പില്‍ അമ്മത്, മുക്കില്‍ അന്ത്രു, കരിവന്റവിടെ കെ.വി. കുഞ്ഞബ്ദുള്ള ഹാജി, പുത്തന്‍പുരയില്‍ അബ്ദുറഹ്മാന് തുടങ്ങിയവരുടെ പറമ്പുകളാണ് മണ്ണിടിച്ചില്‍ കാരണം പുഴയായിമാറിയത്. ചിലയിടങ്ങളില്‍ ആറുമീറ്ററോളം ഉള്ളിലേക്ക് പുഴയായി മാറിയിട്ടുണ്ട്. വേളം പഞ്ചായത്തില്‍ പെട്ട ചാലക്കണ്ടി, കോവുമ്മല്‍, ഓത്തിയൂര് തുടങ്ങിയ സ്ഥലങ്ങലങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
ഇരുഭാഗത്തുമായി നിരവധി തെങ്ങ്, കവുങ്ങ്, റബ്ബര്‍ മറ്റ് മരങ്ങള്‍ എന്നിവ പുഴയോടൊപ്പം കടപുഴകി. റവന്യൂ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ഏത് സമയത്തും അതിവര്‍ഷം ഉണ്ടാവുമെന്നും കര പുഴയെടുക്കുമെന്ന ആശങ്കയിലാണ് ഇരുകരയിലുമുള്ളവര്‍.