കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്ത പൈങ്കിളിവത്കരിച്ച കൈരളി പീപ്പിള്‍ ചാനല്‍ മാപ്പ് പറഞ്ഞു. വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ അക്ഷന്തവ്യമായ തെറ്റ് കടന്നുകൂടി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ തങ്ങളുടെ നയത്തിന്‍റെ ഭാഗമല്ല. നയത്തിന് വിരുദ്ധമായി കടന്നുകൂടിയ തെറ്റ് വലിയ പിഴവായി വിലയിരുത്തുന്നു. സംഭവിച്ച പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും കൈരളി ചാനല്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.
വാര്‍ത്ത നല്‍കിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നതിന് പിന്നാലെയാണ് കൈരളിയുടെ ഖേദ പ്രകടനം. ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവയ്ക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നെന്നായിരുന്നു റിമയുടെ ചോദ്യം.