പയ്യന്നൂര്‍: പയ്യന്നൂരിന്റെ സഹകരണ മേഖലയിലെ ഹോട്ടല്‍ ശൃംഖലയായ കൈരളിയുടെ ചരിത്രത്തിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്.ഗൗരിയമ്മയില്ലായിരുന്നുവെങ്കില് ഇങ്ങനെയൊരു സംവിധാനം പയ്യന്നൂരിലുണ്ടാവില്ലായിരുന്നുവെന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കൈരളി ഹോട്ടലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ ടി. പുരുഷോത്തമന്.
1985 മുതല്‍ പയ്യന്നൂരിലെ ഹോട്ടലുകളില്‍ അടിക്കടി വരുത്തിയിരുന്ന വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐക്ക് നിരന്തരമായി സമരങ്ങള്‍ നടത്തേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. സമരം നടക്കുമ്പോള്‍ വില കുറയ്ക്കുന്നവര് അതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കാന്‍ തുടങ്ങിയതോടെ സമരത്തിന്റെ ആത്യന്തിക വിജയം ഹോട്ടലുടമകള്ക്കായിരുന്നു.
ഈ സാഹചര്യത്തിലായിരുന്നു സിപിഎം നേതാക്കളുമായി ചര്‍ച്ചചെയ്ത് സഹകരണ ഹോട്ടല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സഹകരണമേഖലയില്‍ മറ്റൊരു ഹോട്ടല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ കൈരളി ഹോട്ടലിന് രജിസ്ട്രേഷന് ലഭിക്കില്ല എന്ന നിലവന്നു.
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചിരുന്ന സമയമായതിനാല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദനുമായി പുരുഷോത്തമന് ഇക്കാര്യം ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എകെജി സെന്ററിലെത്തി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് ഗൗരിയമ്മയെ കാണാനുള്ള നിര്‍ദ്ദേശമുണ്ടായത്.
ഗൗരിയമ്മയോട് വിവരങ്ങളും സാഹചര്യങ്ങളും വിവരിച്ചതിനെ തുടര്‍ന്ന് പുരുഷോത്തമനെത്തിയത് ഗൗരിയമ്മയുടെ പിഎയുടെ മുന്നില്‍. സാങ്കേതിക തടസങ്ങള്‍ പറഞ്ഞ് പിഎ കൈമലര്‍ത്തിയ വിരമറിഞ്ഞ് ഗൗരിയമ്മ പിഎയെ വിളിപ്പിച്ചു. അപ്പോഴും അദ്ദേഹം പറഞ്ഞത് നിയമ തടസങ്ങള്‍.
ഈ തടസങ്ങള്‍ മാറ്റാനാണ് ഞങ്ങളിവിടെ ഇരിക്കുന്നതെന്നും അതിനായി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യണമെന്നായി ഗൗരിയമ്മ.മൂന്ന് സ്പെഷല്‍ ഓര്ഡറിറക്കണമെന്ന പിഎയുടെ വാക്കുകള്‍ കേട്ട് മൂന്നല്ല മുപ്പതെണ്ണം വേണമെങ്കിലുമിറക്കാമെന്ന് ഗൗരിയമ്മയും.
പിഎയുടെ നിര്‍ദ്ദേശ പ്രകാരം മൂന്ന് സ്പെഷ്യല്‍ ഓര്ഡറുകളിറക്കിയാണ് ടൂറിസം ഹോട്ടല്‍ തൊഴിലാളി വ്യവസായ സഹകരണ സംഘമായി പയ്യന്നൂരില്‍ ഹോട്ടല്‍ തുടങ്ങാനായതെന്ന് പുരുഷോത്തമന് പറഞ്ഞു.
പുരുഷോത്തമനായിരുന്നു ഇതിന്റെ സ്ഥാപക പ്രസിഡന്റ്. അന്നത്തെ വ്യവസായമന്ത്രിയായിരുന്ന ഗൗരിയമ്മയെടുത്ത ഭരണപരമായ നിര്‍ണായക തീരുമാനമാണ് ഇന്ന് പയ്യന്നൂരില്‍ പടര്‍ന്ന് പന്തലിച്ച് നില്കുന്ന കൈരളി ഹോട്ടലിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ളതെന്ന് പുരുഷോത്തമന് പറഞ്ഞു.