പത്തനാപുരം: കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് ജീവന് തന്നെ ഭീഷണിയാകുന്നു. പാടം, വെള്ളംതെറ്റി, പൂമരുതി കുഴി,കുളത്തുമണ്‍ മേഖലകളിലാണ് വ്യാപകമായി കാട്ടാനയുടെ ശല്യമുള്ളത്. കൈതച്ചെടി തിന്നാനാണ് ആനകള്‍ എത്തുന്നത്. അഞ്ച് കാട്ടാനകളുടെ കൂട്ടമാണ് ജനവാസ മേഖലയില്‍ സ്ഥിരമായി വരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
മൂവാറ്റുപുഴ സ്വദേശികള്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൈത കൃഷി ഭൂരിഭാഗവും കാട്ടാനകള്‍ നശിപ്പിച്ച നിലയിലാണ്.ഏകദേശം അറുപതിനായിരം മൂട് കൈതകള്‍ നശിപ്പിച്ചിട്ടുണ്ടെന്ന് കൃഷി സ്ഥലത്തെ കർഷകർ പറയുന്നു. എല്ലാ ദിവസവും കൃഷി സ്ഥലത്തെത്തുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ ശ്രമിക്കുന്നുണ്ട്.
എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഇവ പടക്കത്തിന്റെ ശബ്ദം കേട്ടാലും തിരിഞ്ഞ് ആക്രമിക്കാന്‍ വരുന്ന സ്ഥിതിയാണ്. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ പ്രായമായ റബ്ബര്‍ മരങ്ങളും വ്യാപകമായി പിഴുതെറിഞ്ഞ നിലയിലാണ് .കൂടാതെ പ്രദേശത്തെ കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.