പറവൂർ: കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം ജീവിതം ദുരിതപൂർണമായ കൈത്തറി മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൈത്തറി പരമ്പരാഗ തൊഴിൽ മേഖലയായിരുന്നിട്ടു പോലും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ ഈ മേഖലയെ ഉൾപ്പെടുത്തിയിരുന്നില്ല.
ഇതിനെ തുടർന്ന് ഇവർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യധാന്യവും ക്ഷേമനിധി ബോർഡിൽനിന്നു ലഭിച്ച 2000 രൂപയുമാണ് ഇക്കാലയളവിൽ തൊഴിലാളികൾക്ക് കുറച്ചെങ്കിലും ആശ്വാസമായത്.
ജൻധൻ അക്കൗണ്ടിലൂടെ മറ്റ് മേഖലകളിൽ സ്ത്രീ തൊഴിലാളികൾക്ക് മൂന്ന് മാസം 300 രൂപ വീതം കേന്ദ്രം നൽകിയെങ്കിലും കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക് ഇതും ലഭിച്ചില്ല.
നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കപ്പെടാത്തതാണ് സംഘങ്ങളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നെയ്ത വസ്ത്രങ്ങൾ സംഘങ്ങൾ മുഖേന ശേഖരിച്ചെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടതോടെ വില്പന നിലച്ചു.
മാർച്ച് മുതൽ ഇതാണ് സ്ഥിതി. അത്യാവശ്യ ഇനങ്ങൾ പുതുതായി നെയ്തെടുക്കാമെന്നു വച്ചാൽ നൂൽ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും നിലച്ചിരിക്കുകയാണ്. സർക്കാർ കുടിശിക ഇല്ലാതെ കൂലി ലഭ്യമാക്കുകയും നൂൽ നൽകുകയും ചെയ്താൽ അത് തൊഴിലാളികൾക്ക് ആശ്വാസകരമാകും.
സ്ഥിതി തുടർന്നാൽ ഇഎസ്ഐ പരിരക്ഷ നഷ്ടപ്പെടുമെന്ന ആശങ്കയും തൊഴിലാളികൾക്കുണ്ട്. തൊഴിൽപ്രതിസന്ധിയും സംഘങ്ങളുടെ പ്രശ്നങ്ങളും മറികടക്കാൻ കൈത്തറി സംഘങ്ങൾക്ക് പലിശ ഇളവ് നൽകുക, തൊഴിലാളികൾക്ക് മൂന്നു മാസക്കാലമെങ്കിലും 7500 രൂപയും, 10
കിലോ അരിയും നൽകുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കണമെന്ന് കൈത്തറി തൊഴിലാളി കൗൺസിൽ (സിഐടിയു) സംസ്ഥാന കൗൺസിൽ അംഗം ടി എസ് ബേബി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ ഏറെ ഉണ്ടെങ്കിലും മഹാപ്രളയത്തിൽ തകർന്നടിഞ്ഞ് അതിൽ നിന്നും രക്ഷ നേടിയ ആത്മവിശ്വാസവും, കൂട്ടായ്മയും നിലനിർത്തി കോവിഡ് എന്ന മഹാമാരി ഉയർത്തുന്ന വെല്ലുവിളിയും മറികടക്കാമെന്ന ശുഭപ്രതീക്ഷയിലാണ് കൈത്തറി മേഖല.