സിജോ പൈനാടത്ത്
കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്ത സൗജന്യ കൈത്തറി യൂണിഫോമുകളുടെ നെയ്ത്തു കൂലി ഇനത്തില്‍ കോടികളുടെ കുടിശിക. യൂണിഫോമിനായുള്ള കൈത്തറി തുണിയുടെ നെയ്ത്തുകൂലിയില് 32.67 കോടി രൂപയാണു സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു നല്കാനുള്ളതെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.
സംസ്ഥാനത്തെ 301 കൈത്തറി നെയ്ത്തു സൊസൈറ്റികള്ക്കാണു കൂലി ഇനത്തില്‍ സര്‍ക്കാര്‍ കുടിശിക നല്‍കാനുള്ളത്. ഏഴു മാസത്തെ കൂലി കുടിശികയായിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കു നല്കിയ രേഖകളില്‍ സംസ്ഥാന കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നു.
2019 ഡിസംബര്‍ 31 വരെയാണു 32.67 കോടി കുടിശികയായിട്ടുള്ളത്. അതിനുശേഷം ഓരോ ജില്ലകളില്‍ നിന്നുള്ള കുടിശികയുടെ കണക്കുകള്‍ കാര്യാലയം ശേഖരിക്കുന്നുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെയും എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് ഇക്കുറി സൗജന്യ കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്തത്.
8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്കു 42 ലക്ഷം മീറ്റര്‍ തുണിയാണ് ആവശ്യമായി വന്നത്. സ്കൂള്‍ തുറക്കും മുമ്പേ തുണികള്‍ എത്തിച്ച് സൗജന്യ യൂണിഫോം പദ്ധതി സര്‍ക്കാര്‍ ആഘോഷമാക്കിയിരുന്നു.
പ്രളയം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പ്രതിസന്ധിയിലാക്കിയ ചേന്ദമംഗലത്തേതുള്പ്പെടെ കൈത്തറി മേഖലയുടെ പുനരുജ്ജീവനവും ലക്ഷ്യമിട്ടാണു സൗജന്യ കൈത്തറി യൂണിഫോം പദ്ധതി തുടങ്ങിയത്.
ഈ പദ്ധതിയാണ് ഒരു വര്‍ഷം തികയും മുമ്പേ തൊഴിലാളികള്‍ക്കു നല്കാന് കോടികളുടെ കുടിശികയിലെത്തി നില്‍ക്കുന്നത്.