പറവൂർ: സർക്കാർ നടപ്പാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്ന് വി.ഡി. സതീശൻ എംഎൽഎ അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയുടെ ജില്ലയിലെ വിതരണോദ്ഘാടനം പറവൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറവൂർ ഗവ.എൽപിജി സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, ഡെപ്യൂട്ടി രജിസ്ട്രാർ സി.എ. പ്രദീപ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ് ടി.ജി. അനൂപ്, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ ഡെന്നി തോമസ്, പ്രദീപ് തോപ്പിൽ, പറവൂർ എഇഒ കെ.എൻ. ലത, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി. ജയ, ഹാൻടെക്സ് റീജിയണൽ മാനേജർ മറിയാമ്മ ജോസഫ്, പറവൂർ ബ്ലോക്ക് ക്ലസ്റ്റർ പ്രസിഡന്റ് ടി.എസ്. ബേബി തുടങ്ങിയവർ സംസാരിച്ചു.
കൈത്തറി ആൻഡ് ടെക്സ്റ്റയിൽസ് ഡയറക്ടറേറ്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 274 സർക്കാർ സ്കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള 20,628 വിദ്യാർഥികൾക്കാണ് കൈത്തറി സംഘങ്ങൾ ഉത്പാദിപ്പിച്ച യൂണിഫോം തുണി സൗജന്യമായി വിതരണം ചെയ്യുന്നത്.