പാടശേഖരത്തിന്റെ കുളിർകാറ്റേറ്റ്, താമരക്കോഴിയുടെ സൗന്ദര്യമാസ്വദിച്ച്, പൂന്പാറ്റകളോടു കിന്നാരം ചൊല്ലി, മത്സ്യങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് കണ്ട് വിശ്രമവേള ആസ്വാദ്യകരമാക്കാൻ കൈതയിൽക്കെട്ട് പാടശേഖരം മാടിവിളിക്കുന്നു. കോട്ടയം നഗരത്തിൽത്തന്നെ പ്രകൃതിസൗന്ദര്യം ആസ്വദിച്ച് നടക്കാനും കുളിർകാറ്റേറ്റ് വിശ്രമിക്കാനും കൈതയിൽക്കെട്ടും തെരഞ്ഞെടുക്കാം.
കെകെ റോഡിൽനിന്ന് എംസിറോഡിലേക്കുള്ള എളുപ്പവഴി കൈതയിൽക്കെട്ട് പാടശേഖരത്തിലെ ബണ്ടു റോഡിലൂടെയാണ് കടന്നുപോകുന്നത്. വടവാതൂർ മിൽമ ഡെയറിയുടെ എതിർ വഴിയിലൂടെ കയറിയാൽ ഇവിടേക്കെത്താം. 600 ഏക്കറോളം വരുന്ന പാടശേഖരത്തിന്റെയും മീനന്ത്രയാറിന്റെയും നടുവിലൂടെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് പ്രകൃതിസൗന്ദര്യം ആസ്വദിക്കാനാകുന്നത്. എംസി റോഡിൽനിന്ന് മോസ്കോ കവല വഴി ഇവിടേക്കെത്താം.
കൈതയിൽക്കെട്ട് പാടശേഖരം
ബണ്ടുറോഡിനോട് ചേർന്നു കിടക്കുന്ന കൈതയിൽക്കെട്ട് പാടശേഖരം വർഷങ്ങളായി തരിശുനിലമാണ്. ഇപ്പോൾ 35 ഏക്കറോളം വെള്ളക്കെട്ടായി കിടക്കുന്നു. ഇവിടെ കൈതയിൽക്കെട്ട് കാർഷിക വികസന സംഘം കഴിഞ്ഞ വർഷം മുതൽ മത്സ്യക്കൃഷി നടത്തിവരുന്നു. ഇക്കഴിഞ്ഞ ഈസ്റ്റർ ആഴ്ചയിൽ ഇവിടെ മത്സ്യക്കൃഷി വിളവെടുപ്പും നടന്നു. 12 വർഷമായി നെൽക്കൃഷി നടക്കാത്ത പാടശേഖരത്തിൽ ഡിസംബറിൽ നെൽകൃഷി തുടങ്ങാനുള്ള തയാറെടുപ്പിലാണ് കാർഷിക വികസന സംഘം.
തണലോരം എന്ന വിനോദ, വിജ്ഞാന, വിശ്രമ കേന്ദ്രമായി സർക്കാരിന്റെ പട്ടികയിൽ കൈതയിൽക്കെട്ട് പാടശേഖരം ഇടംനേടിയിട്ടുണ്ട്. മത്സ്യസന്പത്തിന്റെ ഒരു പ്രധാന ഉറവിടമായ ഇവിടെ, പുഴമത്സ്യങ്ങളുടെ വില്പന വൈകുന്നേരങ്ങളിൽ നടക്കുന്നുണ്ട്. വേനൽക്കാലത്ത് ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രമായും മാറും.
ചൂണ്ടയിടാൻ യുവാക്കൾ
മത്സ്യക്കൃഷി ചെയ്യുന്ന 35 ഏക്കർ വെള്ളക്കെട്ടിനു പുറത്ത് വാകവരാൽ, മഞ്ഞക്കൂരി, വരാൽ, വാള, കാരി, നാടൻമുഷി, ചേറുമീൻ, കരിമീൻ, കൊഞ്ച്, കല്ലടമുട്ടി, കുറുവ പരൽ, മനഞ്ഞിൽ, പുല്ലൻ, രോഹു, കട്ല, ഗ്രാസ് കാർപ്പ്, തിലാപ്പിയ തുടങ്ങിയവയുടെ വൻ ശേഖരമുള്ളതിനാൽ ചൂണ്ടയിടീൽ കന്പക്കാരായ യുവാക്കളുടെ പ്രധാന വിനോദകേന്ദ്രംകൂടിയാണിത്.
തണലേകാൻ ഇല്ലിക്കൂട്ടങ്ങൾ
വിശ്രമകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിനാൽ ചാരുബഞ്ചുകൾ പോലുള്ള ഇരിപ്പിടങ്ങൾ ഇവിടെ സ്ഥാനം പിടിച്ചിട്ടില്ല. എന്നാൽ, സഞ്ചാരികൾക്കു തണലേകി പാതയുടെ ഇരുവശത്തുമായി ഇല്ലിക്കൂട്ടങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. അവ ഭംഗിയായി വെട്ടിയൊതുക്കി മോടിപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ പ്രദേശത്തെ ഒരു പറ്റം യുവാക്കൾ. ശനി, ഞായർ ദിവസങ്ങളിൽ നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്.
സിനിമാക്കാർക്കും ഇവിടം പ്രിയം
ചാക്കോ രണ്ടാമൻ, ഒരു മുത്തശ്ശി ഗദ തുടങ്ങി നിരവധി സിനിമകൾ, നിരവധി ഷോർട്ട് ഫിലിമുകൾ ഒൗട്ട്ഡോർ വിവാഹ ദൃശ്യങ്ങൾ തുടങ്ങിയവയ്ക്കൊക്കെ ഇവിടം വേദിയായിട്ടുണ്ട്.
പുഴയ്ക്കുമുണ്ട് പ്രത്യേകത
സാധാരണഗതിയിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന മീനന്ത്രയാർ വർഷകാലങ്ങളിൽ മത്സ്യസന്പത്തുമായി കിഴക്കോട്ട് തിരിഞ്ഞൊഴുകും. ഈ വേളയിൽ ഉൗത്തപിടുത്തം ഇവിടത്തെ ഒരു പ്രധാന വിനോദമാണ്.
കാഴ്ചവിസ്മയമൊരുക്കി പൂന്പാറ്റകൾ
ഏതാനും ദിവസങ്ങളായി ചിത്രശലഭങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. ബണ്ട് റോഡിന്റെ ഇരുവശത്തുമായി പൂത്ത ചെറു ചെടികളിൽനിന്ന് തേൻ നുകരാൻ ആയിരക്കണക്കിനു ചിത്രശലഭങ്ങളാണ് രാവിലെയും വൈകുന്നേരങ്ങളിലുമായി ഇവിടെ പറന്നുല്ലസിക്കുന്നത്. ഇവയെ കാണാനും ചിത്രങ്ങളെടുക്കാനുമായി ഇപ്പോൾ സഞ്ചാരികളുടെ എണ്ണവും ഉയർന്നിട്ടുണ്ട്.
ഐബിൻ കാണ്ടാവനം