തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയതുമായി ബന്ധപ്പെട്ട രണ്ട് സിപിഎം പ്രമുഖർ പിണറായി വിജയനും പി. രാജീവുമാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരൻ വീണ്ടും കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി.
കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന് കര്‍ത്തായുടെ പണവുമുണ്ടെന്നാണ് ശക്തിധരൻ ഇന്ന് ഫേസ്ബുക്കിൽ കുറിച്ചത്. അന്നത്തെ ഏറ്റവും വലിയ നോട്ടുകെട്ട് കര്‍ത്താ നല്‍കിയതാണെന്നും പണം ഏറ്റുവാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും ശക്തിധരന് ഫേസ് ബുക്കില്‍ വെളിപ്പെടുത്തി.
ഒരുവമ്പൻ പാർട്ടി എത്താനുണ്ടെന്ന് ഇടയ്ക്കിടെ പി.രാജീവ് പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചുലക്ഷത്തിൽ താഴെ മാത്രമായിരുന്നുവെന്നും ശക്തിധരൻ പറയുന്നു.
മാത്രമല്ല രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതുകൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്ന് പിണറായി ചട്ടം കെട്ടിയതെന്നും ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കരിമണൽ കന്പനിയിൽനിന്നു മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന വിവാദം കത്തിനിൽക്കുന്ന സമയത്താണ് കരിമണൽ വ്യവസായിയുടെ പണവും കൈതോലപ്പായയിൽ ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജി. ശക്തിധരൻ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം കൈതോലപ്പായയിൽ പണം കടത്തിയതുമായി ബന്ധപ്പെട്ട രണ്ട് സിപിഎം പ്രമുഖർ പിണറായി വിജയനും പി. രാജീവുമാണെന്ന ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ ഭാവനയിൽ ഉദിച്ച കെട്ടുകഥയാണെന്നാണ് പി. രാജീവ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.