കണ്ണൂർ: കൈതോലപ്പായയിൽ സിപിഎം ഉന്നത നേതാവ് 2.35 കോടി രൂപ കടത്തിയെന്ന ദേശാഭിമാനി മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കുനേരേ ഉയര്‍ന്ന വ്യക്തിഹത്യക്കെതിരേ മുൻ എസ്എഫ്ഐ നേതാവ് സിന്ധു ജോയ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്.
ദേശാഭിമാനിയിൽ ഏറെനാൾ പ്രവർത്തിച്ച ഒരു സഖാവ് ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയിൽ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമർശം എന്ന് ആരോപിച്ചാണ് സിന്ധുവിന്റെ പോസ്റ്റ്.
സ്ത്രീകൾക്കെതിരെയുള്ള അപവാദം വിറ്റു ജീവസന്താരണം നടത്തുന്ന മറ്റൊരു നികൃഷ്ടജീവി എന്റെ പേരും പടവും ചേർത്ത് മസാലവ്യാപാരത്തിന് ഇറങ്ങിയപ്പോൾ കണ്ടില്ലെന്ന് നടിക്കാനായില്ലെന്ന് സിന്ധു ജോയ് ഫേസ്ബുക്കില്‍ കുറിച്ചു.
തനിക്കെതിരേ യൂട്യൂബ്, ഫേസ്ബുക്ക് എന്നിവയിലൂടെ നടന്ന വ്യാജ പ്രചാരണത്തിന് എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതായും സിന്ധു ജോയ് അറിയിച്ചു.
മഹാരാജാസ് കോളജിൽ ഒരു സാധാരണ എസ്എഫ്ഐ പ്രവർത്തകയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയവളാണ് ഞാൻ.
ബക്കറ്റ് പിരിവ് നടത്തിയും സമരം ചെയ്തും തല്ലുകൊണ്ടും ലോക്കപ്പിലും ജയിലിലും കിടന്നും ഗ്രനേഡ് കൊണ്ട് കാൽ തകർന്നും നിരവധി തവണ പോലീസ് മർദനമേറ്റും പൊരുതി ഉയർന്നവളാണ്.
ആരുമായും കിടപ്പറ പങ്കിട്ടല്ല ആ പദവികളിൽ ഞാനെത്തിയത്. അത് കേരളത്തിലെ മനഃസാക്ഷിയുള്ള ഓരോരുത്തർക്കുമറിയാം.
ചെറുപ്പത്തിൽ തന്നെ അനാഥയായ എനിക്ക് പാർട്ടി ഒരു തണലായിരുന്നു; സംരക്ഷണമായിരുന്നു. ആ തണലാണ് എന്നെ ഇത്രയൊക്കെ അനുഭവിച്ചിട്ടും ആത്മഹത്യ ചെയ്യാതെ ജീവിച്ചിരിക്കാൻ പ്രാപ്തയാക്കിയത്-സിന്ധു ജോയ് ഫേസ്ബുക്കിൽ കുറിച്ചു.