കായംകുളം: ദേശീയപാതയിൽ കോണ്ക്രീറ്റുകൾ തകർന്ന് അപകടാവസ്ഥയിലായ കൈവരികൾ പുനർ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ പ്രഹസനമെന്ന ആക്ഷേപം ശക്തമായി. കായംകുളം കെഎസ്ആർടിസി ജംഗ്ഷൻ, കൃഷ്ണപുരം എന്നീവിടങ്ങളിലെ ദേശീയപാതയുടെ ഇരു ഭാഗത്തെയും കൈവരികളാണ് ഇപ്പോൾ പുനർനിർമിക്കുന്നത്. നിലവിലെ ജീർണിച്ച തൂണിൽ അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോൾ നിർമാണംനടക്കുന്നത്.
എന്നാൽ ഇത് കൈവരിക്ക് ബലക്ഷയം ഉണ്ടാകുമെന്നും ഏത് സമയവും കൈവരിയുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല സ്ഥിരം അപകട മേഖലയായതിനാൽ വാഹനങ്ങൾ കൈവരികളിൽ ഇടിച്ചാൽ അത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും.
അതിനാൽ നിലവിലെ പഴയ ജീർണാവസ്ഥയിലായ കൈവരി പൂർണമായി പൊളിച്ചു മാറ്റി ബലവത്തായ പുതിയ കൈവരി നിർമിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ദേശീയ പാത അഥോറിറ്റിയാണ് നിർമാണം നടത്തുന്നത്.