തിരുവനന്തപുരം: പാലക്കാട്ടെ ഒരു വിവാഹ വേദിയിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറന്പിൽ എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനു ഹസ്തദാനം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫിയും രാഹുലും നിഷ്കളങ്കരായ കുട്ടികളാണെന്ന് അഭിപ്രായപ്പെട്ട വി.ഡി. സതീശൻ കൂടെനിന്നു ചതിച്ചുപോയ ആളെ കണ്ടപ്പോൾ അവർക്ക് വികാരമുണ്ടായതാണെന്നും അതു കാര്യമാക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
50 വർഷത്തിനിടെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുന്ന ഉപതെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത് എന്നും വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഹസ്തദാനം ചെയ്യാത്തതിൽ വലിയ വിഷമമില്ലെന്നാണ് പി. സരിന്റെ പ്രതികരണം.
താൻ തന്റെ സ്വഭാവമാണു പ്രകടിപ്പിച്ചത്. അവർ അവരുടെ സംസ്കാരം കാണിച്ചു.
പാലക്കാട്ടുക്കാരൻ എന്ന നിലയിൽ രാഹുലിനോട് ആതിഥ്യ മര്യാദയാണ് കാണിച്ചത്. വന്നു കയറിയ ആൾക്കു തിരിച്ച് ആ മര്യാദ ഉണ്ടായില്ല. അത് പാലക്കാടൻ ജനതയോടുള്ള ധിക്കാരമാണെന്ന് സരിൻ പറയുന്നു. പ്രതിപക്ഷ നേതാവാണ് ഏറ്റവും വലിയ നിഷ്കളങ്കൻ എന്നു ഫലം വരുമ്പോൾ ബോധ്യമാകുമെന്നും സരിന് പരിഹസിച്ചു.
പാലക്കാട് നടന്ന വിവാഹചടങ്ങിനിടെ കോൺഗ്രസിൽനിന്നു നേരത്തെ വിട്ടുപോയ എ.വി. ഗോപിനാഥിനോട് ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിലും സംസാരിക്കുന്നതിനിടെയാണ് സരിനും ഇവിടേക്കു വരുന്നത്. ഇതിനിടെ സരിൻ താൻ ഇവിടെയുണ്ടെന്ന് ഷാഫിയോടും രാഹുൽ മാങ്കൂട്ടത്തിലിനോട് പറയുന്നുണ്ട്.
എന്നാൽ, ഇവിടത്തന്നെ നിന്നാൽ മതിയെന്ന് ഷാഫി സരിനോടു പറഞ്ഞു. രാഹുലിനുനേരേ കൈ നീട്ടിയില്ലെങ്കിലും മുഖം കൊടുക്കാതെ നടന്നുപോവുകയും ചെയ്തു. മനസിൽ ഒന്നുവച്ച് മറ്റൊരു ഭാവം ജനങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുന്ന ശീലം തങ്ങൾക്കില്ലെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.