വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ തല അജിത്തിനും സംഘത്തിനും മുട്ടന്‍ പണിയാണ് കൊടുത്തിരിക്കുന്നത്. അജിത്തിന്റെ 57-ാം ചിത്രമായ തല57-ന്റെ ചിത്രീകരണത്തിനിടെ കാജല്‍ ഫാമിലി ടൂര്‍ പദ്ധതിയിട്ടതാണ് പ്രതിസന്ധിക്കു കാരണം. സ്ലോവേനിയയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. തന്റെ കുടുംബത്തെ മുഴുവനും സ്ലോവേനിയയിലെത്തിച്ച കാജല്‍ ചിത്രീകരണത്തിനിടെ ടൂറിനു പദ്ധതിയിട്ടതായാണ് ഗോസിപ്പുകള്‍.
ആദ്യം അമ്മയും പിന്നീട് അച്ഛനും അനുജത്തി നിഷ അഗര്‍വാളും സ്ലോവേനിയയിലെത്തി. പിന്നീട് കുടുംബത്തോടൊപ്പമുള്ള ഒരു ടൂര്‍ ആഘോഷം പോലെയായിരുന്നു കാജലിന് സെറ്റ്. ഇതോടെ താരത്തിന്റെയും കുടുംബത്തിന്റെയും ചിലവുകള്‍ വഹിക്കേണ്ട ബാധ്യത നിര്‍മാതാവിനായി. കുടുംബത്തിന്റെ മുഴുവന്‍ ടൂര്‍ ബില്‍ കണ്ട് നിര്‍മാതാക്കളുടെ കണ്ണുതള്ളിയതായാണ് വിവരം. ടൂറിന്റേതെന്ന തരത്തിലുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, ടൂര്‍ വാര്‍ത്തകള്‍ നിഷേധിച്ച് താരം രംഗത്തെത്തി. താന്‍ സ്ലോവേനിയയില്‍ ഷൂട്ടിംഗ് തിരക്കിലാണെന്നും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ യുഎസ് ടൂറിന്റേതാണെന്നും കാജല്‍ പറഞ്ഞു. താന്‍ സ്വകാര്യജീവിതവും ജോലിയും തമ്മില്‍ കൂട്ടിക്കുഴയ്ക്കില്ലെന്നും താരം പറഞ്ഞു. വിക്രമിന്റെ ഗരുഡ എന്ന ചിത്രം ഉപേക്ഷിച്ചാണ് കാജല്‍ അജിത്തിന്റെ നായികയാകാനെത്തിയത്.