റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും അതിലെ തമാശകളും പുതിയ വാര്‍ത്തയല്ല. റേഷന്‍ കാര്‍ഡില്‍ വീട്ടമ്മയെ കളക്ടറാക്കിയത് അടുത്ത ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ തമിഴ്നാട് സേലം സ്വദേശിനിയായ സരോജത്തിന്റെ റേഷന്‍കാര്‍ഡ് കണ്ടാണ് വീട്ടുകാരും നാട്ടുകാരുമെല്ലാം അത്ഭുതപ്പെട്ടിരിക്കുന്നത്. പുതിയ റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയ സരോജം എന്ന വീട്ടമ്മ ബോധംകെട്ട് വീണില്ലെന്നേയുള്ളു. കാരണമിതാണ്, തന്റെ ഫോട്ടോയ്ക്കു പകരം അതില്‍ ഉള്ളത് സിനിമാ നടി കാജല്‍ അഗര്‍ വാളിന്റെ ഫോട്ടോയായിരുന്നു. കാജല്‍ അഗര്‍വാള്‍ കാരണം അരി വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സരോജം എന്ന ഈ വീട്ടമ്മ.
റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോള്‍ കാര്‍ഡ് മൊത്തത്തില്‍ മാറിപ്പോയി എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ വിലാസവും ബാക്കി കാര്യങ്ങളും തന്റെതാണെന്ന് കണ്ടെത്തിയപ്പോഴാണ് കാര്‍ഡല്ല, ഫോട്ടോയാണ് മാറിയതെന്ന് ഈ വീട്ടമ്മയ്ക്ക് മനസ്സിലായത്. ഈ അടുത്തായി വിതരണം ചെയ്ത സ്മാര്‍ട് പിഡിഎസ് കാര്‍ഡിലാണ് വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം കാജല്‍ അഗര്‍വാളിന്റെ ഫോട്ടോ നല്‍കിയത്. റേഷന്‍ കാര്‍ഡിലെ തെറ്റ് ചൂണ്ടിക്കാട്ടി വീട്ടമ്മ ഉദ്യോഗസ്ഥരെ സമീപിച്ചു. റേഷന്‍ കാര്‍ഡ് തയ്യാറാക്കി നല്‍കാനായി ഏല്‍പ്പിച്ച കമ്പനിക്ക് തെറ്റു പറ്റിയതാണെന്നും ഉടന്‍ തന്നെ കാര്‍ഡ് മാറ്റി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന്റെ പേരില്‍ ഇവര്‍ക്ക് അരിയും മറ്റ് കാര്യങ്ങളും മുടങ്ങില്ലെന്നും അധികൃതര്‍ പറഞ്ഞു. സേലം ജില്ലയില്‍ നിരവധിയാളുകളുടെ റേഷന്‍ കാര്‍ഡില്‍ ഗുരുതര തെറ്റുകള്‍ കടന്നുവന്നിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.