ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ – 2 എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ നായികയായി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
തമിഴ് സിനിമയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ-2. 200കോടിയോളം മുതൽ മുടക്കിലാണ് ഇന്ത്യൻ – 2 ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽനിന്നും നെടുമുടി വേണുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാഗത്തിൽ ചെയ്ത അതേ റോളാണ് രണ്ടാം ഭാഗത്തിലും നടൻ ആവർത്തിക്കുന്നത്.
അനിരുദ്ധ് രവിചന്ദറാകും സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുക. രജനീകാന്ത് ചിത്രം പേട്ടയ്ക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.കമൽഹാസനൊപ്പം ആദ്യമായിട്ടാണ് അനിരുദ്ധ് ഒന്നിക്കുന്നത്.
കമലിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകും ഇന്ത്യൻ – 2 എന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ശങ്കർ ചിത്രത്തിനു ശേഷം മക്കൾ നീതി മയ്യം പാർട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്. ജനുവരി 18ന് ഇന്ത്യൻ – 2വിന്റെ ഷൂട്ടിംഗ് ആരംഭിക്കും.