തല അജിത്തിന്റെ 57മത്തെ ചിത്രത്തിലേക്ക് കാജല്‍ അഗര്‍വാളിനെ ക്ഷണിക്കുമ്പോള്‍ ആരും ഇത്രമാത്രം പ്രതീക്ഷിച്ചിരുന്നില്ല. നായിക കിടിലാനയതിന്റെ സന്തോഷമൊക്കെ ഇപ്പോള്‍ നിര്‍മാതാവിനു പോയത്രേ. കാരണം മറ്റൊന്നുമല്ല, നടിയുടെ ഒപ്പം അമ്മയും അച്ഛനും അനിയത്തിയും ഉണ്ട്. അതിനിപ്പം എന്താ കുഴപ്പമെന്നല്ലേ. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത് ഇവിടെയൊന്നുമല്ല. അങ്ങ് സ്ലോവേനിയയിലാണ്. തൊട്ടതിനും പിടിച്ചതിനുമൊക്കെ പോക്കറ്റ് കാലിയാകുന്ന സ്ഥലം.
കാജലിന്റെ ഒപ്പമെത്തിയവരുടെ ചെലവെല്ലാം ഇപ്പോള്‍ നിര്‍മാതാവിന്റെ കൈയ്യില്‍ നിന്നാണ് പോകുന്നത്. ദിവസവും കുടുംബവുമായി ടൂര്‍ പോകാനാണ് കാജലിനു താല്പര്യമത്രേ. താമസം ഫൈവ് സ്റ്റാര്‍ ഹോട്ടലിലും. മാതാപിതാക്കളെയും അനിയത്തിയെയും പാക്കപ്പ് ചെയ്യാന്‍ നിര്‍മാതാവിന്റെ ശിങ്കടികള്‍ കാജലിനോട് ആവശ്യപ്പെട്ടെങ്കിലും പറ്റില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്.
അതേസമയം, വിക്രമിന്റെ ഗരുഡ എന്ന ചിത്രം ഉപേക്ഷിച്ചാണ് കാജല്‍ അജിത്തിന്റെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഗരുഡയുടെ ഷൂട്ടിങ് നീണ്ടു പോയിരുന്നു. ആ സമയത്താണ് അജിത്തിന്റെ ചിത്രത്തിലേക്ക് വിളിച്ചത്. ഗരുഡ ഉപേക്ഷിച്ച് കാജല്‍ അജിത്ത് ചിത്രത്തിലെത്തുകായിരുന്നു. എന്തായാലും ഇനിയൊരിക്കലും കാജലിനെ നായികയാക്കില്ലെന്നാണ് നിര്‍മാതാവ് പറയുന്നത്.